Link to home pageLanguagesLink to all Bible versions on this site

സഭാപ്രസംഗി
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരനെകുറിച്ച് ഈ പുസ്തകത്തിൽ വ്യക്തതയില്ല ‘കെഹലത്’ എന്ന എബ്രായ പദം പ്രസംഗകൻ എന്ന അർത്ഥത്തിലാണ് തർജ്ജമ ചെയ്തിട്ടുള്ളത്. 1; 1 ല്‍ എഴുത്തുകാരൻ സ്വയം വെളിപ്പെടുത്തുന്നു ദാവീദിന്റെ പുത്രൻ യെരുശലേമിലെ രാജാവ്, യെരുശലേമിലെ മറ്റാരെക്കാളും ഉന്നത ജ്ഞാനം സിദ്ധിച്ചവന്, സദൃശ്യവാക്യങ്ങള്‍ സമാഹരിച്ചവന് എന്ന നിലകളിലാണ് എഴുത്തുകാരൻ സ്വയം പരിചയപ്പെടുത്തുന്നത്. ദാവീദിന്റെ സന്തതികളിൽ യെരുശലേമിൽ നിന്ന് അവൻറെ സിംഹാസനത്തിന് അവകാശിയായിട്ടാണ് ശലോമോൻ അവരോധിക്കപ്പെടുന്നത്. (1:12). ഈ പുസ്തകത്തിലെ എഴുത്തിൻറെ ശൈലി ശലോമോൻ രാജാവിന്റെതാണ് എന്നാൽ ചില തെളിവുകളുടെ പശ്ചാത്തലത്തിൽ ശലോമോന്റെ മരണത്തശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്നും ചിലർ സമർത്ഥിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 940-931.
സഭാപ്രസംഗികളുടെ പുസ്തകം ശലോമോന്‍റെ അവസാനനാളുകളിൽ ആയിരിക്കാം എഴുതപ്പെട്ടിരിക്കുക.
സ്വീകര്‍ത്താവ്
പുരാതന യിസ്രായേൽ ജനത്തിനും, ശേഷമുള്ള വായനക്കാർക്കും വേണ്ടിയാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.
ഉദ്ദേശം
ഈ പുസ്തകം മനുഷ്യര്‍ക്കുള്ള ശക്തമായ താക്കീതാണ്. ദൈവഭയവും ആശ്രയവും ഇല്ലാത്ത ജീവിതം വ്യർഥവും കാറ്റിനെ പിന്തുടരുന്നതിന് സമാനവുമാണ് സുഖം, ധനസമൃദ്ധി, ക്രിയാത്മക പ്രവർത്തനങ്ങൾ, ജ്ഞാനം, സന്തുഷ്ടി എന്നിവയൊക്കെ നേടിയാലും ജീവിതത്തിന്‍റെ അന്ത്യത്തിൽ ഇവയെല്ലാം വ്യർത്ഥമാണെന്ന് ഉള്ള ഒരു തിരിച്ചറിവ് നല്കുന്നു. ദൈവത്തിൽ കേന്ദ്രീകരിക്കുമ്പോൾ ആണ് ജീവിതത്തിന് യഥാർത്ഥ കൈവരുന്നത്.
പ്രമേയം
ദൈവികം അല്ലാത്തതെല്ലാം നിരർത്ഥകം.
സംക്ഷേപം
1 ആമുഖം — 1:1-11
2. ജീവിതത്തിലെ പല കാഴ്ചപ്പാടുകളിലും ഉള്ള വ്യര്‍ത്ഥത — 1:12-5:7
3. യഹോവാഭക്തി — 5:8-12:8
4. ഉപസംഹാരം — 12:9-14

1 യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.

2 ഹാ മായ, മായ എന്ന് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. 3 സൂര്യനുകീഴിൽ*സൂര്യനുകീഴിൽ ഭൂമിയില്‍ പ്രയത്നിക്കുന്ന മനുഷ്യന്റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം? 4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; 5 ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു. 6 കാറ്റ് തെക്കോട്ടു ചെന്ന് വടക്കോട്ടു തിരിയുന്നു. അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു. 7 സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു. 8 സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവിക്ക് മതിവരുന്നില്ല. 9 ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; സൂര്യനുകീഴിൽ പുതിയതായി യാതൊന്നും ഇല്ല. 10 ‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പ്, പണ്ടത്തെ കാലത്ത് തന്നെ അതുണ്ടായിരുന്നു. 11 പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല.

12 സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന് രാജാവായിരുന്നു. 13 ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ. 14 സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത്‌ പോലെയും ആകുന്നു. കാറ്റിനെ പിന്‍തുടരുന്നത്‌ പോലെയും ആകുന്നു. കാറ്റിനെ ഭക്ഷിക്കുന്നത് പോലെ ആകുന്നു 15 വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണം തികക്കുവാനും കഴിയുകയില്ല. 16 ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു”. 17 ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. 18 ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.

സഭാപ്രസംഗി 2 ->