7 “നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരായതു കൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നുവല്ലോ. 8 യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ച് നിങ്ങള്‍ അടിമകളായിരുന്ന മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കയ്യിൽനിന്ന് വീണ്ടെടുത്തത്. 9 ആകയാൽ നിന്‍റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയണം; അവൻ, തന്നെ സ്നേഹിച്ച് തന്‍റെ കല്പനകളെ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. 10 തന്നെ പകയ്ക്കുന്നവരെ നശിപ്പിക്കുവാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകക്കുന്ന ഏവനും അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും. 11 ആകയാൽ ഞാൻ ഇന്ന് നിനക്കു നൽകുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ച് നടക്കേണം.
12 “നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചാൽ നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ഉടമ്പടിയും ദയയും നിന്നോട് പാലിക്കും. 13 അവൻ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ച് വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്ന് നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്ത് നിന്‍റെ ഗർഭഫലവും കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും കന്നുകാലികളും ആടുകളും അനുഗ്രഹിക്കപ്പെട്ടിരിക്കും. 14 നീ സകല ജനതകളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും, വന്ധ്യയും നിങ്ങളിലോ നിങ്ങളുടെ കന്നുകാലികളിലോ ഉണ്ടാകുകയില്ല. 15 യഹോവ സകലരോഗവും നിന്നിൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ വ്യാധികളിൽ ഒന്നും അവൻ നിനക്കു വരുത്താതെ, നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവ കൊടുക്കും.
16 “നിന്‍റെ ദൈവമായ യഹോവ നിന്‍റെ കയ്യിൽ ഏല്പിക്കുന്ന സകലജനതകളെയും നീ നശിപ്പിച്ചുകളയും; നിനക്കു അവരോട് കനിവ് തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അത് നിനക്കു കെണിയായിത്തീരും. 17 “ഈ ജനതകൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളയുവാൻ എനിക്ക് എങ്ങനെ കഴിയും?” എന്നു നീ നിന്‍റെ ഹൃദയത്തിൽ പറയുമായിരിക്കും; എന്നാൽ അവരെ ഭയപ്പെടരുത്; 18 നിന്‍റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതും, 19 നിന്‍റെ കണ്ണ് കൊണ്ടു കണ്ടതുമായ വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും, നിന്നെ പുറപ്പെടുവിച്ച യഹോവയുടെ ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജനതകളോടും നിന്‍റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും. 20 അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്‍റെ മുമ്പിൽ ഒളിച്ചിരിക്കുന്നവരും നശിച്ചുപോകുംവരെ നിന്‍റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ [a]അയയ്ക്കും.
21 “നീ അവരെ കണ്ടു ഭ്രമിക്കരുത്; നിന്‍റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധൃത്തിൽ ഉണ്ട്. 22 നിന്‍റെ ദൈവമായ യഹോവ, ആ ജനതകളെ ഘട്ടം ഘട്ടമായി നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിക്കുവാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ. 23 നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യിൽ ഏല്പിക്കുകയും അവർ നശിച്ചുപോകുംവരെ അവർക്ക് മഹാപരിഭ്രമം വരുത്തുകയും ചെയ്യും. 24 അവരുടെ രാജാക്കന്മാരെ നിന്‍റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേരുകൾ ആകാശത്തിൻ കീഴിൽനിന്ന് ഇല്ലാതെയാക്കേണം. അവരെ സംഹരിച്ചു തീരുവോളം ഒരു മനുഷ്യനും നിന്‍റെ മുമ്പിൽ നില്‍ക്കുകയില്ല.
25 “അവരുടെ ദേവപ്രതിമകൾ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിക്കുവാൻ അവയുടെമേൽ ഉള്ള വെള്ളിയും പൊന്നും മോഹിച്ച് എടുക്കരുത്; അത് നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. 26 നീയും അതുപോലെ ശാപപാത്രം ആകാതിരിക്കേണ്ടതിന് അറപ്പായുള്ളത് ഒന്നും നിന്‍റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്കു അറപ്പും വെറുപ്പും ആയിരിക്കേണം; അത് ശാപഗ്രസ്തമാകുന്നു.
<- ആവർത്തനപുസ്തകം 6ആവർത്തനപുസ്തകം 8 ->- a കടന്നലിനെ മഹാമാരിയെ
Languages