1 രാജ്യം ഭരിക്കേണ്ടതിന് രാജ്യത്തെല്ലായിടവും നൂറ്റിയിരുപത് പ്രധാന ദേശാധിപതികളെയും 2 അവരുടെ മേൽ മൂന്ന് അദ്ധ്യക്ഷന്മാരെയും നിയമിക്കുവാൻ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന് നഷ്ടം വരാതിരിക്കേണ്ടതിന് പ്രധാനദേശാധിപതികൾ ഇവർക്ക് കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു. 3 എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ രാജ്യത്തിനു മുഴുവൻ അധികാരിയാക്കുവാൻ വിചാരിച്ചു. 4 ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കുറ്റവും കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല. 5 അപ്പോൾ ആ പുരുഷന്മാർ: “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല” എന്നു പറഞ്ഞു. 6 അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ഉണർത്തിച്ചതെന്തെന്നാൽ: “ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. 7 രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കുകയും ഖണ്ഡിതമായി നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാന ദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. 8 ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാത്തവിധം ആ നിരോധനാജ്ഞ ഉറപ്പിച്ച് രേഖ എഴുതിക്കണമേ. 9 അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും നിരോധനാജ്ഞയും എഴുതിച്ചു. 10 എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്ന് ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരെ തുറന്നിരുന്നു - താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു. 11 അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ട് വന്നു, ദാനീയേൽ തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് അപേക്ഷിക്കുന്നത് കണ്ടു. 12 ഉടനെ അവർ രാജസന്നിധിയിൽ ചെന്ന് രാജാവിന്റെ കല്പനയെക്കുറിച്ച് സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ” എന്ന് ചോദിച്ചു; അതിന് രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നെ” എന്നുത്തരം പറഞ്ഞു. 13 അതിന് അവർ രാജസന്നിധിയിൽ: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേൽ തിരുമേനിയെയും, തിരുമനസ്സുകൊണ്ട് എഴുതിച്ച കല്പനയും കൂട്ടാക്കാതെ, ദിവസം മൂന്നുപ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു” എന്ന് ഉണർത്തിച്ചു. 14 രാജാവു ഈ വാക്കുകൾ കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിക്കുവാൻ മനസ്സുവച്ച്, അവനെ രക്ഷിക്കുവാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു. 15 എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന്: “രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു കല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നുള്ളത് അങ്ങേക്ക് ബോദ്ധ്യമുണ്ടല്ലോ?” എന്ന് രാജാവിനോട് ഉണർത്തിച്ചു. 16 അങ്ങനെ രാജാവിന്റെ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്ന് സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവ് ദാനീയേലിനോട് ഇപ്രകാരം സംസാരിച്ചു: “നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും”. 17 അവർ ഒരു കല്ല് കൊണ്ടുവന്ന് ഗുഹയുടെ വാതില്ക്കൽവച്ചു; ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന് മാറ്റം വരാതെയിരിക്കേണ്ടതിന് രാജാവ് തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന് മുദ്രയിട്ടു. 18 പിന്നെ രാജാവ് രാജധാനിയിൽ ചെന്ന് ഭക്ഷണം വെടിഞ്ഞ് രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി. 19 രാജാവ് അതികാലത്തുതന്നെ എഴുന്നേറ്റ് ബദ്ധപ്പെട്ട് സിംഹഗുഹയുടെ അരികിൽ ചെന്നു. 20 ഗുഹയുടെ അരികിൽ എത്തിയപ്പോൾ അവൻ ദുഃഖത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവ് ദാനീയേലിനോട് സംസാരിച്ചു: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കുവാൻ പ്രാപ്തനായോ” എന്ന് ചോദിച്ചു. 21 ദാനീയേൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ. 22 സിംഹങ്ങൾ എനിക്ക് കേടുവരുത്താതിരിക്കേണ്ടതിന് എന്റെ ദൈവം തന്റെ ദൂതനെ അയച്ച് അവയുടെ വായടച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല” എന്ന് ഉണർത്തിച്ചു. 23 അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു; ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല. 24 പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുന്നതിന് മുമ്പ് സിംഹങ്ങൾ അവരെ പിടിച്ചു; അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു. 25 അന്ന് ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ. 26 എന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന് ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചുപോകാത്തതും അവന്റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. 27 അവൻ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹത്തിന്റെ വായിൽനിന്ന് രക്ഷിച്ചിരിക്കുന്നു. 28 എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും അഭിവൃദ്ധിപ്രാപിച്ചിരുന്നു.
<- ദാനീയേൽ 5ദാനീയേൽ 7 ->