Link to home pageLanguagesLink to all Bible versions on this site
2
തത്വജ്ഞാനമല്ല, ക്രിസ്തു എന്ന ദൈവമർമ്മത്തിനൊത്തത്
1 നിങ്ങൾക്കും, ലവുദിക്യപട്ടണത്തിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, 2 അവർ പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിക്കുവാൻവേണ്ടി സ്നേഹത്തിൽ ബന്ധിതരായി ഹൃദയങ്ങൾക്ക് സാന്ത്വനം ലഭിക്കണം എന്നുവച്ച് ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. 3 ക്രിസ്തുവില്‍ ജ്ഞാനത്തിന്റെയും അറിവിന്റേയും നിക്ഷേപങ്ങൾ ഒക്കെയും മറഞ്ഞിരിക്കുന്നു. 4 വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇത് പറയുന്നു. 5 ഞാൻ ശരീരംകൊണ്ട് ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോട് കൂടെയുള്ളവനായി നിങ്ങളുടെ നല്ല ക്രമങ്ങളും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ ശക്തിയും കണ്ട് സന്തോഷിക്കുന്നു.

6 ആകയാൽ കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ കൈക്കൊണ്ടതുപോലെ അവനിൽ നടപ്പിൻ; 7 അവനിൽ ഉറപ്പോടെ വേരൂന്നുകയും, പണിയപ്പെടുകയും ചെയ്യുന്നവരായും, നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും, സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

8 തത്വജ്ഞാനവും പൊള്ളയായ വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കീഴടക്കാതിരിക്കുവാൻ സൂക്ഷിപ്പിൻ; അത് മനുഷ്യരുടെ പാരമ്പര്യോപദേശങ്ങൾക്കും, ലോകത്തിന്റെ പാപകാരണമായ വിശ്വാസ സമ്പ്രദായങ്ങൾക്കും ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല. 9 ക്രിസ്തുവിന്‍റെ ശരീരത്തിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയുടെ സ്വഭാവങ്ങളും ദേഹരൂപമായി വസിക്കുന്നത്. 10 എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. 11 ക്രിസ്തുവിന്റെ പരിച്ഛേദനയാൽ നിങ്ങൾക്കും പാപശരീരം ഉരിഞ്ഞുകളയുന്നതായ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചിരിക്കുന്നു. 12 സ്നാനത്തിൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച് ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു, 13 അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു. 14 നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു; 15 അധികാരങ്ങളേയും ശക്തികളേയും പിടിച്ചടക്കി ക്രൂശിൽ അവരുടെ മേൽ ജയോത്സവം ആഘോഷിച്ച് അവരെ പരസ്യമായ കാഴ്ചയാക്കിത്തീർത്തു.

മതാനുഷ്ഠാനങ്ങളിൽ നിന്ന് സ്വാതന്ത്ര്യം.
16 അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ, പെരുന്നാളുകൾ, വാവ്, ശബ്ബത്ത്, എന്നീ കാര്യങ്ങളിൽ ആരും നിങ്ങളെ വിധിക്കരുത്. 17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; എന്നാൽ യാഥാർത്ഥ്യമായതോ ക്രിസ്തുവത്രേ. 18 വ്യാജമായ താഴ്മയിലും, ദൂതന്മാരെ ആരാധിക്കുന്നതുമൂലം കാണാത്ത കാര്യങ്ങളിൽ ഇടപെടുകയും തന്റെ ജഡമനസ്സിനാൽ അനാവശ്യമായി നിഗളിക്കുകയും ചെയ്യുന്ന ആരുംതന്നെ നിങ്ങൾക്കുള്ള പ്രതിഫലം വൃഥാവാക്കരുത്. 19 ക്രിസ്തുവാകുന്ന തലയെ മുറുകെ പിടിക്കാതിരിക്കുന്ന ഒരുവനും നിങ്ങളെ കവർന്നു കളയരുത്, തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധിഞരമ്പുകളെ പോഷിപ്പിച്ച് ഒന്നായിച്ചേർത്ത് ദൈവവർദ്ധയ്ക്കനുസാരമായി വളർച്ച പ്രാപിക്കുന്നത്.

20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ പാപകാരണമായ വിശ്വാസ വ്യവസ്ഥകൾ സംബന്ധിച്ച് മരിച്ചുവെങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ 21 മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പെടുന്നത് എന്ത്? 22 ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. 23 ഇതൊക്കെയും സ്വന്ത ഇഷ്ടത്തിനൊത്ത ആരാധനയിലും താഴ്മയിലും ശരീരത്തെ തൃജിക്കുന്നതിലും രസിക്കുന്നവർക്കുള്ളതാണ്; എന്നാൽ ജഡാഭിലാഷം നിയന്ത്രിക്കുന്നതിന് പര്യാപ്തമല്ല.

<- കൊലൊസ്സൃര്‍ 1കൊലൊസ്സൃര്‍ 3 ->