Link to home pageLanguagesLink to all Bible versions on this site

1 യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം[a] കാണിച്ചുതന്നു. 2 “ആമോസേ, നീ എന്ത് കാണുന്നു” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്റെ ജനമായ യിസ്രായേലിന് പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല. 3 ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും. 4 ‘ഞങ്ങൾ ഏഫയെ കുറച്ച്, ശേക്കലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, എളിയവരെ പണത്തിനും, ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും പകരമായി വാങ്ങേണ്ടതിനും, ഗോതമ്പിന്റെ പതിര് വില്ക്കേണ്ടതിനും, 5 ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവക്കുവാൻ തക്കവിധം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്, 6 ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇത് കേൾക്കുവിൻ. 7 ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല” എന്ന് യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. 8 “അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? അത് മുഴുവനും നീലനദിപോലെ പൊങ്ങും; ഈജിപ്റ്റിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. 9 അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. 10 ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏത് അരയിലും രട്ടും ഏത് തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 11 “അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങൾ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാൻ ദേശത്തേക്ക് അയക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 12 “അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും. 13 ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ട് ബോധംകെട്ടു വീഴും. 14 ‘ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ[b]’ എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കുകയുമില്ല”.

<- ആമോസ് 7ആമോസ് 9 ->