Link to home pageLanguagesLink to all Bible versions on this site
25
സംസ്ഥാനാധിപനായ ഫെസ്തൊസ്.
1 ഫെസ്തൊസ് സംസ്ഥാനാധിപനായി ചുമതലയേറ്റിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം കൈസര്യയിൽനിന്ന് യെരൂശലേമിലേക്കു പോയി. 2 അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരിൽ പ്രമുഖരും ആയവർ ഫെസ്തോസിന്റെ മുമ്പാകെ പൗലോസിനെതിരെ അന്യായം ബോധിപ്പിച്ചു. 3 പൗലോസിനെ വഴിയിൽവച്ച് പതിയിരുപ്പുകാരെ നിർത്തി കൊന്നുകളയണം എന്ന് ആലോചിച്ചുകൊണ്ട്, 4 അവനെ യെരുശലേമിലേക്കു വരുത്തുവാൻ ദയവുണ്ടാകേണം എന്ന് അവർ പൗലോസിന് പ്രതികൂലമായി ഉപായബുദ്ധിയോടെ ഫെസ്തോസിനോട് അപേക്ഷിച്ചു. അതിന് ഫെസ്തൊസ്: “പൗലൊസിനെ കൈസര്യയിൽ തടവുകാരനായി സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്ക് പോകുന്നുണ്ട്; 5 നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്ന് ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
പൗലൊസ് ഫെസ്തോസിന്റെ മുൻപാകെ.
6 അവൻ ഏകദേശം എട്ട് പത്തു ദിവസം യെരുശലേമിൽ അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യയ്ക്ക് മടങ്ങിപ്പോയി; പിറ്റെന്ന് ന്യായാസനത്തിൽ ഇരുന്ന് പൗലൊസിനെ വരുത്തുവാൻ കല്പിച്ചു. 7 അവൻ വന്നതിനുശേഷം യെരൂശലേമിൽനിന്ന് വന്ന യെഹൂദന്മാർ ചുറ്റും നിന്ന് പൗലൊസിന് നേരെ കഠിനമായ കുറ്റങ്ങൾ പലതും ബോധിപ്പിച്ചു. 8 പൗലൊസോ: “യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല. 9 എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ആഗ്രഹിച്ച് പൗലൊസിനോട്: “യെരൂശലേമിലേക്ക് ചെന്ന് അവിടെ എന്റെ മുമ്പിൽവച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടത്തുവാൻ നിനക്ക് സമ്മതമുണ്ടോ?” എന്നു ചോദിച്ചതിന് പൗലൊസ്: “ഞാൻ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു; 10 അവിടുന്ന് എന്നെ വിസ്തരിക്കേണ്ടതാകുന്നു; നീയും നന്നായി അറിഞ്ഞിരിക്കുന്നതുപോലെ യെഹൂദന്മാരോട് ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; 11 ഞാൻ അന്യായം ചെയ്ത് മരണയോഗ്യമായത് വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുക്കുവാൻ ആർക്കും കഴിയുന്നതല്ല; 12 ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: “കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും” എന്ന് ഉത്തരം പറഞ്ഞു.
അഗ്രിപ്പാരാജാവും ബെർന്നീക്കയും കൈസര്യയിൽ.
13 ചില ദിവസങ്ങൾക്കുശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തൊസിനെ വന്ദനം ചെയ്‌വാൻ കൈസര്യയിൽ എത്തി. 14 കുറെനാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൗലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞത്: “ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട്. 15 ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽവന്ന് പൗലൊസ് എന്നു പേരുള്ള അവന്റെനേരെ അന്യായം ബോധിപ്പിച്ച്. വിധിക്ക് അപേക്ഷിച്ചു. 16 എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിക്കുവാൻ അവസരം കിട്ടും മുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നത് റോമർക്ക് മര്യാദയല്ല എന്ന് ഞാൻ അവരോട് ഉത്തരം പറഞ്ഞു. 17 ആകയാൽ അവർ ഇവിടെ വന്നതിന് ശേഷം ഞാൻ ഒട്ടും താമസിയാതെ പിറ്റെന്ന് തന്നെ ന്യായാസനത്തിൽ ഇരുന്നു; തുടർന്ന് ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു. 18 വാദികൾ അവന്റെ ചുറ്റും നിന്ന് അന്യായം ബോധിപ്പിക്കയിൽ ഞാൻ നിരൂപിച്ചിരുന്ന ഗൗരവതരമായ കുറ്റം 19 ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്ന് പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു. 20 ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്ക് യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു. 21 എന്നാൽ പൗലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിക്കുവാൻ കല്പിച്ചു”. 22 “ആ മനുഷ്യന്റെ പ്രസംഗം കേൾക്കുവാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു” എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞതിന്: “നാളെ കേൾക്കാം” എന്നു അവൻ പറഞ്ഞു.
പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പാകെ.
23 അടുത്ത ദിവസം അഗ്രിപ്പാവ് ബെർന്നീക്കയുമായി വളരെ പ്രൗഡിയോടെ സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വരികയും തുടർന്ന് ഫെസ്തൊസിന്റെ കല്പനയാൽ പൗലൊസിനെ കൊണ്ടുവരികയും ചെയ്തു. 24 അപ്പോൾ ഫെസ്തൊസ് പറഞ്ഞത്: “അഗ്രിപ്പാരാജാവും, സന്നിഹിതരായിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വച്ച് എന്നോട് അപേക്ഷിക്കുകയും അവനെ ജീവനോടെ വെച്ചേക്കരുത് എന്ന് നിലവിളിക്കുകയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ. 25 അവൻ മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയയ്ക്കേണം എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു. 26 അവനെക്കുറിച്ച് തിരുമനസ്സിലേക്ക് എഴുതുവാൻ ശരിയായി ഒന്നുംതന്നെ എന്റെ പക്കലില്ല; അതുകൊണ്ട് വിസ്താരം കഴിഞ്ഞിട്ട് എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന് അവനെ താങ്കളുടെ മുമ്പിലും, വിശേഷാൽ അഗ്രിപ്പാരാജാവേ, അങ്ങയുടെ മുമ്പിലും തന്നെ വരുത്തിയിരിക്കുന്നു. 27 തടവുകാരനെ അയയ്ക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം ബോദ്ധ്യപ്പെടുത്താതിരിക്കുന്നത് യുക്തമല്ല എന്ന് എനിക്ക് തോന്നുന്നു”.

<- അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 24അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 26 ->