Link to home pageLanguagesLink to all Bible versions on this site

2 തിമൊഥെയൊസ്
ഗ്രന്ഥകര്‍ത്താവ്
റോമിലെ തടവില്‍നിന്ന് പുറത്തുവന്ന ശേഷം പൗലോസ് തന്റെ നാലാമത്തെ മിഷനറി യാത്രയിൽ ഒന്നാമത്തെ ലേഖനം എഴുതി അതിനുശേഷം വീണ്ടും നീറോയുടെ കാലത്ത് തടവറയിൽ അകപ്പെടുന്നു. ഈ കാലയളവിലാണ് തിമോഥെയോസിന് രണ്ടാം ലേഖനം എഴുതുന്നത്. ഒന്നാം പ്രാവശ്യം അദ്ദേഹം ഒരു വാടകവീട്ടിൽ (അ. പ്ര 28:30), വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു പക്ഷേ രണ്ടാം പ്രാവശ്യം ഒരു കുറ്റവാളിയെപ്പോലെ (1:16; 2:9). റോമിലെ തടവറക്കുള്ളിൽ (4:13), ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു. തൻറെ പ്രവർത്തനങ്ങള്‍ അതിന്റെ അന്ത്യത്തിലേക്ക് എത്തി എന്ന് മനസ്സിലാക്കിയ പൗലോസ് തന്റെ “നിര്യാണകാലം” അടുത്തിരിക്കുന്നു എന്നെഴുതി. (4:6-8).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 66-67.
രണ്ടാം കാരാഗ്രഹ വാസകാലത്ത് റോമിലെ തടവറയിൽ തൻറെ രക്തസാക്ഷിത്വവും കാത്തുകൊണ്ട് കഴിയുന്ന കാലത്താണ് ഈ ലേഖനം രചിച്ചത്.
സ്വീകര്‍ത്താവ്
തിമോഥെയോസ് ആണ് ലേഖനത്തിന്റെ പ്രധാന ഗുണഭോക്താവ് എന്നാൽ ഈ ലേഖനം മറ്റു സഭകൾക്കും കൈമാറിയതായി കാണുന്നു.
ഉദ്ദേശം
തിമോഥെയോസില്‍ താൻ ഭരമേൽപ്പിച്ച ദൗത്യം ധൈര്യത്തോടും (1:3-14), സഹിഷ്ണതയോടെ (3:14-17; 4:1-8). മുൻപോട്ടു കൊണ്ടുപോകാൻ അവസാനമായി നൽകുന്ന പ്രബോധനമാണിത്.
പ്രമേയം
വിശ്വസ്ത ശുശ്രൂഷയുടെ ഭരമേൽപ്പിക്കൽ
സംക്ഷേപം
1. ആമുഖം — 1:1-4
2. ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യരുത്. — 1:1-4
3. ക്രിസ്തുവിന് വേണ്ടി കഷ്ടം സഹിക്കുക. — 2:1-19
4. കാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്. — 3
5. തിരുവെഴുത്തും അധ്യാപകനും. — 3:14-4:5
6. സമാപന അപേക്ഷയും ആശീർവാദവും. — 4:9-22

1
പൗലോസിന്റെ അഭിവാദനങ്ങൾ
1 ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്: 2 പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
വിശ്വസ്തനായിരിക്കുക
3 എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചും നിന്റെ കണ്ണുനീർ ഓർത്ത് നിന്നെ കണ്ട് സന്തോഷപൂർണ്ണനാകുവാൻ വാഞ്ചിച്ചുംകൊണ്ട് 4 ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ച് നിർമ്മലമനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന് നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മ നിമിത്തം സ്തോത്രം ചെയ്യുന്നു. 5 ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ഉറച്ചിരിക്കുന്നു. 6 അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു. 7 എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. 8 അതുകൊണ്ട് നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയോ അവന്റെ ബദ്ധനായ എന്നെയോ കുറിച്ച് ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിയ്ക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്കുക. 9 അവൻ നമ്മെ രക്ഷിയ്ക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കുകയും ചെയ്തത് നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിനും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും 10 മരണം നീക്കുകയും സുവിശേഷം കൊണ്ട് ജീവനും അക്ഷയതയും വെളിച്ചത്തിലേക്ക് വരുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ. 11 ആ സുവിശേഷത്തിന് ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. 12 അതുനിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; എന്തെന്നാൽ ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിക്കുവാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു. 13 എന്നോട് കേട്ട ഉറപ്പുള്ള വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്ളുക. 14 നിന്നെ ഭരമേല്പിച്ച ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊള്ളുക.

15 ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്ന് നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു. 16 പലപ്പോഴും എനിക്ക് ഉന്മേഷം വരുത്തിയതിനാൽ ഒനേസിഫൊരൊസിന്റെ കുടുംബത്തിന് കർത്താവ് കരുണ നല്കുമാറാകട്ടെ. 17 അവൻ എന്റെ ചങ്ങലയെക്കുറിച്ച് ലജ്ജിക്കാതെ, എന്നാൽ ഞാൻ റോമിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരയുകയും കണ്ടെത്തുകയും ചെയ്തു. 18 ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവ് അവനെ സഹായിക്കട്ടെ. എഫെസൊസിൽവച്ച് അവൻ എനിക്ക് എന്തെല്ലാം ശുശ്രൂഷചെയ്തു എന്ന് നീ നല്ലവണ്ണം അറിയുന്നുവല്ലോ.

2 തിമൊഥെയൊസ് 2 ->