Link to home pageLanguagesLink to all Bible versions on this site

2 തെസ്സലൊനീക്യർ
ഗ്രന്ഥകര്‍ത്താവ്
ഒന്നാം ലേഖനം പോലെതന്നെ ഈ ലേഖനത്തിലും പൗലോസിനൊപ്പം ശീലാസിനെയും തിമോഥെയോസിനെയും കാണാം. എഴുത്തുകാരൻ താന്‍ എഴുതിയ ഒന്നാം ലേഖനത്തിലെ ശൈലിതന്നെയാണ് ഇതിലും പിന്തുടർന്നിരിക്കുന്നത്. പൗലോസ് തന്നെയാണ് ഇതിന്റെ പ്രധാന എഴുത്തുകാരൻ എന്ന് വ്യക്തമാക്കുന്നു. വന്ദനം അറിയിക്കുമ്പോള്‍ ശീലാസിനെയും തിമോഥെയോസിനെയും ഉൾപ്പെടുത്തിയിരിക്കുന്നു. (2 തെസ്സ 1:1). പലഭാഗങ്ങളിലും കാണുന്ന “ഞങ്ങൾ “എന്നപ്രയോഗം മൂന്നുപേരും അംഗീകരിച്ചു എന്നര്‍ത്ഥം. എന്നാൽ കയ്യെഴുത്ത് പൗലോസിന്റെതല്ല അവസാനത്തെ അഭിവാദനവും പ്രാർത്ഥനയും മാത്രമാണ് പൗലോസ് എഴുതിയത്. ഒരുപക്ഷേ പൗലോസ് ഇത് മറ്റു രണ്ടുപേരെ കൊണ്ടും പറഞ്ഞു എഴുതിപ്പിച്ചത് ആവാൻ സാധ്യതയുണ്ട്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 51 - 52.
തെസ്സെലോനിക്യര്‍ക്കു എഴുതിയ ഒന്നാം ലേഖനം പോലെ ഇതും കൊരിന്തിൽ വച്ചാണ് പൗലോസ് എഴുതുന്നത്.
സ്വീകര്‍ത്താവ്
ഈ ലേഖനം സഭാ വിശ്വാസികള്‍ക്കു വേണ്ടി എഴുതപ്പെട്ടതാണ്.
ഉദ്ദേശം
കർത്താവിന്റെ വരവിനെ കുറിച്ചുള്ള ഉപദേശങ്ങളിലെ പിശകുകൾ തീർക്കുവാൻ വിശ്വാസികളുടെ പ്രത്യാശയുടെ സഹിഷ്ണതയെ ക്കുറിച്ച് അവരെ പ്രോത്സാഹിപ്പിക്കുവാനും അതുപോലെ കർത്താവ് വേഗത്തിൽ വരുമെന്ന് ഉപദേശിച്ചുകൊണ്ട് സ്വന്തം ലാഭത്തിനു വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്തുകൊണ്ടിരുന്ന വ്യക്തികളെ ശാസിക്കുവാനും.
പ്രമേയം
പ്രത്യാശയിൽ ജീവിക്കുക
സംക്ഷേപം
1. അഭിവാദനങ്ങൾ. — 1:1, 2
2. കഷ്ടതയിൽ ആശ്വാസം. — 1:3-12
3. കർത്താവിന്റെ വരവിനെ കുറിച്ചുള്ള ഉപദേശം. — 2:1-12
4. അവരുടെ അവസാനത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. — 2:13-17
5. പ്രായോഗിക കാര്യങ്ങളെക്കുറിച്ചുള്ള പ്രബോധനം. — 3:1-15
6. സമാപന വന്ദനം. — 3:16-18

1 പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്: 2 പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

പ്രാർത്ഥനയും നന്ദികരേറ്റലും
3 സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും നിങ്ങൾ ഓരോരുത്തർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ ഉചിതമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ച് സ്തോത്രം ചെയ്‌വാൻ കടപ്പെട്ടിരിക്കുന്നു. 4 അതുകൊണ്ട് നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു. 5 അത് നിങ്ങൾ കഷ്ടപ്പെടുവാൻ കാരണമായിരിക്കുന്ന ദൈവരാജ്യത്തിന് നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു വ്യക്തമായ അടയാളം ആകുന്നു. 6 കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി 7 ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ 8 നിങ്ങളെ പീഢിപ്പിക്കുന്നവർക്ക് പീഢയും പീഢ അനുഭവിക്കുന്ന നിങ്ങൾക്ക് ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ. 9 സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ ശക്തിയുടെ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. 10 അവൻ വരുന്ന നാളിൽ തന്റെ വിശുദ്ധന്മാരാൽ മഹത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും തന്നേ. 11 അതുകൊണ്ട് നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന് 12 നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള എല്ലാ ആഗ്രഹങ്ങളും, ശക്തിയോടെയുള്ള വിശ്വാസത്തിന്റെ ഓരോ പ്രവൃത്തിയും പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

2 തെസ്സലൊനീക്യർ 2 ->