Link to home pageLanguagesLink to all Bible versions on this site
18
1 അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണി നോക്കി; അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു. 2 ദാവീദ് ജനത്തിൽ മൂന്നിൽ ഒരു വിഭാഗത്തെ യോവാബിന്റെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ അധീനത്തിലും അയച്ചു: ഞാനും നിങ്ങളോടുകൂടി വരും എന്ന് രാജാവ് ജനത്തോട് പറഞ്ഞു. 3 എന്നാൽ ജനം: “നീ വരണ്ടാ; ഞങ്ങൾ തോറ്റോടിയാൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പകുതിപേർ കൊല്ലപ്പെട്ടു എന്നുവന്നാലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ*ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ ഞങ്ങളെപ്പോലെ ഉള്ള പതിനായിരം പേര്‍ ഞങ്ങളോടൊപ്പം ഉണ്ട്. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾക്ക് സഹായം ചെയ്യുന്നത് നല്ലത്” എന്നു പറഞ്ഞു. 4 രാജാവ് അവരോട്: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നത് ഞാൻ ചെയ്യാം” എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതില്ക്കൽ നിന്നു; ജനങ്ങൾ നൂറുനൂറായും ആയിരം ആയിരമായും പുറപ്പെട്ടു. 5 “എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് കനിവോടെ പെരുമാറുവിൻ” എന്ന് രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് സൈന്യാധിപന്മാരോട് അബ്ശാലോമിനെക്കുറിച്ച് കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു. 6 പിന്നെ ജനം പടക്കളത്തിലേക്ക് യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ച് യുദ്ധം ഉണ്ടായി. 7 യിസ്രായേൽജനം ദാവീദിന്റെ പടയാളികളോട് തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ കൊല്ലപ്പെട്ടു. 8 യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികംപേർ വനത്തിനിരയായ്തീർന്നു. 9 അബ്ശാലോം ദാവീദിന്റെ പടയാളികൾക്ക് എതിർപെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ കോവർകഴുത ഘനമുള്ള കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴിലൂടെ പോയി; അവന്റെ തലമുടി കരുവേലകത്തിൽ ഉടക്കിയിട്ട് അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്ന് കോവർകഴുത ഓടിപ്പോയി. 10 ഒരുത്തൻ അത് കണ്ടിട്ട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു” എന്ന് യോവാബിനോട് അറിയിച്ചു. 11 യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു. 12 അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കെൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ’ എന്ന് രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചത്. 13 അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നെ എനിക്ക് എതിരെ നില്‍ക്കുമായിരുന്നു”. 14 എന്നാൽ യോവാബ്: “ഞാൻ ഇങ്ങനെ നിന്നോട് സംസാരിച്ച് സമയം കളയുകയില്ല” എന്നു പറഞ്ഞ് മൂന്നു കുന്തം കയ്യിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോൾ തന്നെ അവയെ അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി. 15 യോവാബിന്റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു. 16 പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവർ യിസ്രായേലിനെ പിന്തുടരുന്നതിൽ നിന്ന് പിൻവാങ്ങി. 17 അബ്ശാലോമിനെ അവർ എടുത്ത് വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെമേൽ ഏറ്റവും വലിയ ഒരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും അവനവന്റെ വീട്ടിലേക്ക് ഓടിപ്പോയി. 18 അബ്ശാലോം ജീവനോടിരുന്ന സമയം: “എന്റെ പേര് നിലനിർത്തേണ്ടതിന് എനിക്ക് ഒരു മകൻ ഇല്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ ഒരു തൂൺ എടുത്തു നാട്ടി അതിന് തന്റെ പേര് വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്നു പറഞ്ഞുവരുന്നു.

19 പിന്നീട് സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്നു എന്ന സദ്വർത്തമാനം അറിയിക്കട്ടെ” എന്നു പറഞ്ഞു. 20 യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കരുത്; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു. 21 പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്ന് അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു. 22 അതിന് യോവാബ്: “എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു. 23 അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊള്ളുക” എന്ന് യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.

24 എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മദ്ധ്യത്തിൽ ഇരിക്കുകയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനു മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിയെ ഓടിവരുന്നത് കണ്ടു. 25 കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ സദ്വര്‍ത്തമാനം കൊണ്ടാകുന്നു വരുന്നത്” എന്ന് രാജാവ് പറഞ്ഞു. 26 അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും സദ്വര്‍ത്തമാനം കൊണ്ടുവരുന്നു” എന്ന് രാജാവ് പറഞ്ഞു. 27 “ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു. 28 അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്” എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവിന്റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു. 29 അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയ ഒരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു. 30 “നീ അവിടെ മാറി നില്ക്കുക” എന്ന് രാജാവ് പറഞ്ഞു. അവൻ മാറിനിന്നു. 31 ഉടനെ കൂശ്യൻ വന്നു: “എന്റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്ന് കൂശ്യൻ പറഞ്ഞു. 32 അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്യുവാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു. 33 ഉടനെ രാജാവ് നടുങ്ങി നഗര മതിലിനു മുകളിലുള്ള മുറിയിൽ കയറി: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്ക് പകരം മരിച്ചെങ്കിൽ കൊള്ളാമായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.

<- 2 ശമൂവേൽ 172 ശമൂവേൽ 19 ->