Link to home pageLanguagesLink to all Bible versions on this site
16
1 ദാവീദ് മലമുകൾ കടന്ന് കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ദാസനായ സീബാ കോപ്പിട്ട രണ്ടു കഴുതളുമായി എതിരെ വരുന്നത് കണ്ടു; അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും വേനൽകാലത്തിലെ നൂറ് അത്തിപഴങ്ങളും ഒരു തോൽകുടം വീഞ്ഞും കയറ്റിയിരുന്നു. 2 രാജാവ് സീബയോട്: “ഇത് എന്തിന്?” എന്നു ചോദിച്ചു. അതിന് സീബാ: “കഴുതകൾ രാജാവിന്റെ കുടുംബക്കാർക്ക് കയറുവാനും, അപ്പവും വേനൽകാലത്തിലെ അത്തിപഴവും യൗവനക്കാർക്ക് കഴിക്കുവാനും, വീഞ്ഞ് മരുഭൂമിയിൽ മോഹാലസ്യപ്പെടുന്നവർക്ക് കുടിക്കുവാനും ആകുന്നു” എന്നു പറഞ്ഞു. 3 “നിന്റെ യജമാനന്റെ മകൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന് സീബാ രാജാവിനോട്: “അവൻ യെരൂശലേമിൽ താമസിക്കുന്നു; എന്റെ അപ്പന്റെ രാജത്വം യിസ്രായേൽഗൃഹം ഇന്ന് എനിക്ക് തിരികെ തരുമെന്ന് അവൻ പറയുന്നു” എന്നു പറഞ്ഞു. 4 രാജാവ് സീബയോട്: “ഇതാ, മെഫീബോശെത്തിനുള്ള സകലവും നിനക്കുള്ളതാകുന്നു” എന്നു പറഞ്ഞു. അതിന് സീബാ: “എന്റെ യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്ക് ദയ ലഭിക്കുമാറാകട്ടെ” എന്നു പറഞ്ഞു.

5 ദാവീദ്‌ രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുവൻ അവിടെനിന്നു പുറപ്പെട്ട് ശപിച്ചുംകൊണ്ട് വരുന്നത് കണ്ടു. 6 അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാർ എല്ലാവരും ദാവീദിന്റെ ഇടത്തും വലത്തുമായി നടക്കുകയായിരുന്നു. 7 ശിമെയി ശപിച്ചുംകൊണ്ട് ഇപ്രകാരം പറഞ്ഞു: “രക്തദാഹീ, ദുഷ്ടാ*ദുഷ്ടാ ബെലിയാല്‍, പോകൂ, പോകൂ. 8 ശൌല്‍ഗൃഹത്തിന്റെ രക്തമൊക്കെയും യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന് പകരമല്ലയോ നീ രാജാവായത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തദാഹിയായിരിക്കുകയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്ക് വന്നു ഭവിച്ചിരിക്കുന്നു”. 9 അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ” എന്നു പറഞ്ഞു. 10 അതിന് രാജാവ്: “സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്ന് യഹോവ അവനോട് കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത്? എന്ന് ആര് ശിമെയിയോട് ചോദിക്കും” എന്നു പറഞ്ഞു. 11 പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞത്: “ഇതാ, എന്റെ ദേഹത്തിൽനിന്നുതന്നെ പുറപ്പെട്ട മകൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോട് കല്പിച്ചിരിക്കുന്നു. 12 പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന് പകരം എനിക്ക് അനുഗ്രഹം നല്കും”. 13 ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും ദാവീദിന് എതിരെയുള്ള മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കുകയും കല്ലും പൂഴിയും വാരി അവനെ എറിയുകയും ചെയ്തു. 14 രാജാവും കൂടെയുള്ള സകലജനവും ക്ഷീണിച്ചവരായി എത്തി അവിടെ വിശ്രമിച്ചു.

15 എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനങ്ങളും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. 16 ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ ചെന്ന് അബ്ശാലോമിനോട്: “രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ! രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ!” എന്നു പറഞ്ഞു. 17 അപ്പോൾ അബ്ശാലോം ഹൂശായിയോട്: “ഇതാകുന്നുവോ നിന്റെ സ്നേഹിതനോട് നിനക്കുള്ള നിസ്വാർത്ഥത? സ്നേഹിതനോടുകൂടി പോകാതിരുന്നത് എന്ത്?” എന്നു ചോദിച്ചു. 18 അതിന് ഹൂശായി അബ്ശാലോമിനോട്: “അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവനോടുകൂടി ഞാൻ ഇരിക്കും. 19 ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു. 20 പിന്നെ അബ്ശാലോം അഹിഥോഫെലിനോട്: “നമ്മൾ ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചുപറയുവിൻ” എന്നു പറഞ്ഞു. 21 അഹീഥോഫെൽ അബ്ശാലോമിനോട്: “രാജധാനി സൂക്ഷിക്കുവാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക; നീ നിന്റെ അപ്പന് നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലാ യിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ എല്ലാവരും ധൈര്യപ്പെടും” എന്നു പറഞ്ഞു. 22 അങ്ങനെ അവർ അബ്ശാലോമിന് രാജധാനിയുടെ മുകളിൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. 23 അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നെ ആയിരുന്നു.

<- 2 ശമൂവേൽ 152 ശമൂവേൽ 17 ->