10 യെഹൂദാ രാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന് രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു. 11 അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളും അവൻ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു. 12 യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 13 യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം അവന്റെ സിംഹാസനത്തിൽ ഭരണം തുടങ്ങി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
14 ആ കാലത്ത് എലീശാ മരണകരമായ രോഗംപിടിച്ച് കിടപ്പിലായി; അപ്പോൾ യിസ്രായേൽ രാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ” എന്ന് പറഞ്ഞു. 15 എലീശാ അവനോട്: “അമ്പും വില്ലും എടുക്ക” എന്ന് പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു. 16 അപ്പോൾ അവൻ യിസ്രായേൽ രാജാവിനോട്: “നിന്റെ കൈ വില്ലിന്മേൽവെക്കുക” എന്ന് പറഞ്ഞു. അവൻ കൈവച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു. 17 “കിഴക്കെ കിളിവാതിൽ തുറക്കുക” എന്ന് അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്ന് എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്ന് പറഞ്ഞു. 18 “അമ്പ് എടുക്കുക” എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്ന് അവൻ യിസ്രായേൽ രാജാവിനോട് പറഞ്ഞു. അവൻ മൂന്നുപ്രാവശ്യം അടിച്ചുനിർത്തി. 19 അപ്പോൾ ദൈവപുരുഷൻ അവനോട് കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്ന് പറഞ്ഞു.
20 അതിന് ശേഷം എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു. 21 ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ട് മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ച് എഴുന്നേറ്റുനിന്നു.
22 എന്നാൽ യെഹോവാഹാസിന്റെ ഭരണകാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു. 23 യഹോവയ്ക്ക് അവരോട് കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടുള്ള തന്റെ നിയമം നിമിത്തം അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന് മനസ്സായില്ല; തന്റെ സന്നിധിയിൽനിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല. 24 അരാം രാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന് പകരം രാജാവായി. 25 യെഹോവാഹാസിന്റെ മകനായ യെഹോവാശ്, തന്റെ അപ്പനായ യെഹോവാഹാസിനോട് ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിന്റെ കാലത്ത് തിരികെ പിടിച്ചു. മൂന്നുപ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടെടുക്കുകയും ചെയ്തു.
<- 2 രാജാക്കന്മാർ 122 രാജാക്കന്മാർ 14 ->