Link to home pageLanguagesLink to all Bible versions on this site

2 രാജാക്കന്മാർ
ഗ്രന്ഥകര്‍ത്താവ്
ഒന്നും രണ്ടും രാജാക്കൻമാരുടെ പുസ്തകങ്ങൾ ഒരു പുസ്തകമായാണ് എഴുതപ്പെട്ടത്. യഹൂദ പാരമ്പര്യമനുസരിച്ച് യിരെമ്യാപ്രവാചകനാണ് എഴുത്തുകാരൻ എന്നാൽ ചില ആധുനിക പണ്ഡിതന്മാർ അജ്ഞാതരായ ഡ്യുട്ടറോണമിസ്റ്റുകള്‍ എന്നറിയപ്പെടുന്ന എഴുത്തുകാരാണ് എന്ന് വാദിക്കുന്നു. ഈ പുസ്തകം ആവർത്തന പുസ്തകത്തിലെ പ്രമേയത്തെ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത് ദൈവത്തോടുള്ള അനുസരണം അനുഗ്രഹം വരുത്തുന്നു, അനുസരണക്കേട് ശാപവും.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 590-538.
പുസ്തകത്തിന്റെ രചനാകാലത്ത് ഒന്നാമത്തെ ദൈവാലയം നിലവിലുണ്ടായിരുന്നു.
സ്വീകര്‍ത്താവ്
ഇസ്രായേൽജനം, മറ്റു വായനക്കാർ.
ഉദ്ദേശം
ഈ പുസ്തകം രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്‍റെ തുടർച്ചയാണ്. വിഭജിക്കപ്പെട്ട രാജ്യത്തിന്റെയും രാജാക്കന്മാരുടേയും ചരിത്രത്തെ പ്രതിപാദിക്കുന്നു. ഇസ്രായേല്‍ അശ്ശൂരിലേക്കും യഹൂദ്യര്‍ ബാബിലോണിലേക്കും പ്രവാസികളായി പിടിച്ചു കൊണ്ടുപോക പെടുന്നതോടെ പുസ്തകം അവസാനിക്കുന്നു.
പ്രമേയം
ചിതറപ്പെടല്‍
സംക്ഷേപം
1. എലീശയുടെ ശുശ്രൂഷ — 1:1-8:29
2. ആഹാബ്യ വംശത്തിന്റെ അന്ത്യം — 9:1-11:21
3. യോവാശ് മുതല്‍ പ്രവാസം വരെ — 12:1-17:41
4. ഹിസ്കീയാവ് മുതല്‍ പ്രവാസം വരെ — 18:1-25:30

1 ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോട് മത്സരിച്ചു. 2 അഹസ്യാവ് ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി താഴെ വീണ് മുറിവേറ്റു; “ഈ മുറിവുണങ്ങി എനിക്ക് സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബേൽ-സെബൂബിനോട് ചെന്ന് ചോദിക്കുവാൻ അവൻ ദൂതന്മാരെ അയച്ചു. 3 എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവിനോട് കല്പിച്ചത്: “നീ ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്ന് അവരോട്: ‘യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബേൽ-സെബൂബിനോട് അരുളപ്പാട് ചോദിപ്പാൻ പോകുന്നത്? 4 ഇതു നിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറയുക. അങ്ങനെ ഏലീയാവ് പോയി. 5 ദൂതന്മാർ വേഗത്തിൽ മടങ്ങിവന്നപ്പോൾ അവൻ അവരോട്: “നിങ്ങൾ എക്രോനിലേക്ക് പോകാതെ മടങ്ങിവന്നത് എന്ത്” എന്ന് ചോദിച്ചു. 6 അവർ അവനോട് പറഞ്ഞത്: “ഒരാൾ ഞങ്ങളെ എതിരേറ്റുവന്ന് ഞങ്ങളോട്: ‘നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽ-സെബൂബിനോട് അരുളപ്പാട് ചോദിക്കുവാൻ അയക്കുന്നത്? ഇതു നിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് അവനോട് പറയുവിൻ” എന്ന് പറഞ്ഞു. 7 അവൻ അവരോട്: “നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കുകൾ പറഞ്ഞ മനുഷ്യൻ എങ്ങനെയുള്ളവനായിരുന്നു” എന്ന് ചോദിച്ചു. 8 “അയാൾ രോമവസ്ത്രം ധരിച്ച് അരയ്ക്ക് തോൽവാറ് കെട്ടിയ ആളായിരുന്നു” എന്ന് അവർ അവനോട് പറഞ്ഞു. “അവൻ തിശ്ബ്യനായ ഏലീയാവ് തന്നേ” എന്ന് അവൻ പറഞ്ഞു. 9 ഉടനെ രാജാവ് അമ്പതുപേർക്ക് അധിപതിയായ ഒരു പടനായകനെ അവന്റെ അമ്പത് പടയാളികളുമായി ഏലിയാവിന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കുകയായിരുന്നു; അവൻ അവനോട്: “ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്ന് പറഞ്ഞു. 10 ഏലീയാവ് പടനായകനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ അമ്പത് പടയാളികളേയും ദഹിപ്പിക്കട്ടെ” എന്ന് പറഞ്ഞു. ഉടനെ ആകാശത്തുനിന്ന് തീ ഇറങ്ങി അവനെയും അവന്റെ അമ്പത് ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു. 11 എന്നാൽ രാജാവ് മറ്റൊരു പടനായകനെയും അവന്റെ അമ്പത് ആളുകളെയും വീണ്ടും ഏലിയാവിന്റെ അടുക്കൽ അയച്ചു; അവനും അവനോട്: “ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു” എന്ന് പറഞ്ഞു. 12 ഏലീയാവ് അവനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ അമ്പത് ആളുകളെയും ദഹിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്ന് ഇറങ്ങി അവനെയും അവന്റെ അമ്പത് ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു. 13 മൂന്നാമതും അവൻ മറ്റൊരു പടനായകനേയും അവന്റെ അമ്പത് പടയാളികളെയും അയച്ചു; ഈ മൂന്നാമത്തെ പടനായകൻ ചെന്ന് ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോട് അപേക്ഷിച്ചത്: “അല്ലയോ ദൈവപുരുഷാ! എന്റെയും നിന്റെ ദാസന്മാരായ ഈ അമ്പത് പേരുടെയും ജീവൻ രക്ഷിക്കേണമെ. 14 ആകാശത്തുനിന്ന് തീ ഇറങ്ങി എനിക്ക് മുമ്പ് വന്ന രണ്ട് പടനായകന്മാരേയും അവരുടെ പടയാളികളേയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ ജീവനെ ആദരിക്കണമേ”. 15 അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു. 16 ഏലിയാവ് അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അരുളപ്പാട് ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബേൽ-സെബൂബിനോട് അരുളപ്പാട് ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതു നിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും”. 17 ഏലീയാവ് പറഞ്ഞ യഹോവയുടെ വചനപ്രകാരം അഹസ്യാവ് മരിച്ചുപോയി; അവന് മകനില്ലായ്കയാൽ യെഹോരാം അവനു പകരം രാജാവായി. യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ ഇത് സംഭവിച്ചു. 18 അഹസ്യാവ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 2 ->