Link to home pageLanguagesLink to all Bible versions on this site
5
സ്വർഗീയ വാസസ്ഥലം
1 കൂടാരമെന്ന നമ്മുടെ ഭൗമഭവനം നശിച്ചുപോയാൽ കൈകളാൽ പണിതിട്ടില്ലാത്ത ദൈവത്തിന്റെ ഒരു ഭവനം നമുക്ക് നിത്യമായി, സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നാം അറിയുന്നു. 2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനം ധരിക്കുവാൻ ഞങ്ങൾ വാഞ്ചിക്കുന്നു. 3 അങ്ങനെ ധരിക്കുന്നതുകൊണ്ട് ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ലല്ലോ. 4 ഈ കൂടാരത്തിൽ ഇരിക്കുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നു; മർത്യത ജീവനാൽ നീങ്ങിപ്പോകേണ്ടതിന്, നാം നഗ്നരായിത്തീരും എന്നുള്ളതുകൊണ്ടല്ല, പിന്നെയോ വസ്ത്രം ധരിക്കപ്പെടും എന്നുള്ളതുകൊണ്ട് തന്നെ. 5 അതിനായി ഞങ്ങളെ ഒരുക്കിയത്, നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമുക്ക് നൽകിയ ദൈവം തന്നെ. 6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരമാകുന്ന ഭവനത്തിൽ വസിക്കുമ്പോൾ കർത്താവിൽനിന്ന് അകന്നിരിക്കുന്നു എന്ന് അറിഞ്ഞും ഇരിക്കുന്നു. 7 എന്തെന്നാൽ, കാഴ്ചയാൽ അല്ല, വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. 8 ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ട് ശരീരത്തിൽനിന്നകന്ന് കർത്താവിനോടുകൂടെ ഭവനത്തിൽ ഇരിക്കുവാൻ അധികം ഇഷ്ടപ്പെടുന്നു. 9 അതുകൊണ്ട് ശരീരത്തിൽ വസിച്ചാലും ശരീരത്തിൽ നിന്നകന്നാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നത് ലക്ഷ്യമാക്കുന്നു. 10 എന്തെന്നാൽ, അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
നിരപ്പിന്റെ ശുശ്രൂഷ
11 ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ട് ഞങ്ങൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ ദൈവത്തിനു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 12 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ നിങ്ങളോട് പ്രശംസിക്കുകയല്ല, ഹൃദയം നോക്കിയിട്ടല്ലാതെ, മുഖം നോക്കിയിട്ട് പ്രശംസിക്കുന്നവരോട് ഉത്തരം പറയുവാൻ നിങ്ങൾക്ക് വക ഉണ്ടാകേണ്ടതിന് ഞങ്ങളെക്കുറിച്ച് പ്രശംസിക്കുവാൻ നിങ്ങൾക്ക് കാരണം തരികയത്രേ ചെയ്യുന്നത്. 13 ഞങ്ങൾ സുബോധമില്ലാത്തവർ എന്നു വരികിൽ ദൈവത്തിനും, സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു. 14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിയന്ത്രിക്കുന്നു; എല്ലാവർക്കുംവേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും 15 ജീവിച്ചിരിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കു വേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ ഉറച്ചിരിക്കുന്നു. 16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും മാനുഷികനിലയിൽ കണക്കാക്കുന്നില്ല; ക്രിസ്തുവിനെയും മാനുഷികനിലയിൽ അറിഞ്ഞിരുന്നു എങ്കിലും ഇനിയും തുടർന്ന് അങ്ങനെ അറിയുന്നില്ല.

17 അതുകൊണ്ട് ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് നീങ്ങിപ്പോയി, ഇതാ, എല്ലാം പുതുതായിത്തീർന്നിരിക്കുന്നു. 18 ഇതൊക്കെയും ദൈവത്തിൽ നിന്നാകുന്നു; അവൻ നമ്മെ ക്രിസ്തുമൂലം തന്നോട് നിരപ്പിക്കുകയും, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്ക് തരികയും ചെയ്തിരിക്കുന്നു. 19 അതായത്, അവരുടെ ലംഘനങ്ങളെ അവരോട് കണക്കിടാതെ ലോകത്തെ തന്നിൽ തന്നെ നിരപ്പിക്കുവാൻ ദൈവം ക്രിസ്തുവിലായി. ഈ നിരപ്പിന്റെ വചനം ഞങ്ങളെ ഭരമേല്പിച്ചുമിരിക്കുന്നു.

20 ആകയാൽ ഞങ്ങൾ ക്രിസ്തുവിന് വേണ്ടി സ്ഥാനാപതികളായി ദൈവത്തോട് നിരന്നുകൊള്ളുവിൻ എന്ന് ക്രിസ്തുവിന് വേണ്ടി അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു. 21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്ക് വേണ്ടി പാപം ആക്കി.

<- 2 കൊരിന്ത്യർ 42 കൊരിന്ത്യർ 6 ->