30
1 അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് വരുവാൻ യിസ്രായേലിലെയും യെഹൂദയിലെയും ജനത്തിന്റെ അടുക്കൽ ആളയച്ച്; എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങൾക്ക് എഴുത്ത് എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്ന് 2 രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ ജനങ്ങളും തീരുമാനിച്ചിരുന്നു. 3 എന്നാൽ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാർ വേണ്ടത്ര ഇല്ലാതിരുന്നതിനാലും, ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെ ഇരുന്നതുകൊണ്ടും നിശ്ചിത സമയങ്ങളിൽ പെസഹ ആചരിപ്പാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 4 ആ തീരുമാനം രാജാവിനും സർവ്വസഭയ്ക്കും സമ്മതമായി. 5 ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിന് ബേർ-ശേബമുതൽ ദാൻവരെയുള്ള എല്ലായിസ്രായേൽജനത്തിന്റെ ഇടയിലും പരസ്യപ്പെടുത്തണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ വളരെക്കാലമായി അത് വിധിപോലെ ആചരിച്ചിരുന്നില്ല. 6 അങ്ങനെ അഞ്ചലോട്ടക്കാർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ യിസ്രായേൽ ജനത്തിന്റെയും യെഹൂദാ ജനത്തിന്റെയും അടുക്കൽ കൊണ്ടുപോയി, രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: “യിസ്രായേൽ മക്കളേ, അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയിലേക്ക് മടങ്ങി വരുവീൻ. അപ്പോൾ അവൻ അശ്ശൂർ രാജാക്കന്മാരുടെ കയ്യിൽനിന്ന് തെറ്റി ഒഴിഞ്ഞ ശേഷിപ്പായ നിങ്ങളുടെ അടുക്കലേക്ക് മുഖം തിരിക്കും. 7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞത് നിങ്ങൾ കാണുന്നുവല്ലോ. 8 ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയുടെ മുമ്പാകെ നിങ്ങൾ കീഴടങ്ങുവീൻ. അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന വീശുദ്ധമന്ദിരത്തിലേക്ക് വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ. 9 നിങ്ങൾ യഹോവയിലേക്ക് മടങ്ങിവരുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ തടവുകാരായി കൊണ്ട് പോയവരിൽ നിന്ന് കരുണ ലഭിച്ച് ഈ ദേശത്തേക്ക് മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്ക് മടങ്ങിവരുന്നു എങ്കിൽ അവൻ നിങ്ങൾക്ക് മുഖം മറച്ചുകളകയില്ല”. 10 അങ്ങനെ ഓട്ടക്കാർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്ത് പട്ടണം തോറും സെബൂലൂൻ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ച് നിന്ദിച്ചുകളഞ്ഞു. 11 എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്ക് വന്നു. 12 യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിക്കേണ്ടതിന് അവർക്ക് ഏകാഗ്രഹൃദയം നല്കുവാൻ ദൈവ കരം പ്രവൃത്തിച്ചു. 13 അങ്ങനെ രണ്ടാം മാസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി. 14 അവർ എഴുന്നേറ്റ് യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങൾ നീക്കിക്കളഞ്ഞ് സകല ധൂപ പീഠങ്ങളെയും എടുത്ത് കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു. 15 രണ്ടാം മാസം പതിനാലാം തീയതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ച് തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങൾ കൊണ്ടുവന്നു. 16 അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിച്ചു. 17 തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ട് ശുദ്ധിയില്ലാത്ത ഓരോരുത്തന് വേണ്ടി പെസഹ അറുത്ത് യഹോവക്ക് നിവേദിക്കേണ്ട ഉത്തരവാദിത്തം ലേവ്യർ ഭരമേറ്റിരുന്നു. 18 എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ, എന്നീ ഗോത്രങ്ങളിൽ നിന്നുള്ള അനേകർ, തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന പ്രമാണത്തിന് വിരുദ്ധമായി പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവ് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു: 19 “വിശുദ്ധമന്ദിരത്തിലെ വിശുദ്ധിക്കൊത്തവണ്ണം ശുദ്ധീകരണം പ്രാപിച്ചില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ തന്നേ, അന്വേഷിപ്പാൻ മനസ്സുവെക്കുന്ന ഏവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ” എന്ന് പറഞ്ഞു. 20 യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ട് ജനത്തെ സൗഖ്യമാക്കി. 21 അങ്ങനെ യെരൂശലേമിൽ വന്നുകൂടിയ യിസ്രായേൽ മക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവയ്ക്ക് പാടി ദിനംപ്രതി യഹോവയെ സ്തുതിച്ചു. 22 യെഹിസ്കീയാവ്, യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ട് ഏഴു ദിവസം ഉത്സവം ആചരിച്ച്, ഭക്ഷണം കഴിച്ചു. 23 വീണ്ടും ഏഴ് ദിവസം ഉത്സവം ആചരിപ്പാൻ സർവ്വസഭയും സമ്മതിച്ചു. അങ്ങനെ അവർ വീണ്ടും ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു. 24 യെഹൂദാ രാജാവായ യെഹിസ്കീയാവ് സഭയ്ക്ക് ആയിരം കാളകളെയും ഏഴായിരം ആടുകളെയും കൊടുത്തു; പ്രഭുക്കന്മാരും സഭയ്ക്ക് ആയിരം കാളകളെയും പതിനായിരം ആടുകളെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. 25 യെഹൂദയുടെ സർവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്ന് വന്ന സർവ്വസഭയും യിസ്രായേൽ ദേശത്തുനിന്ന് യെഹൂദയിൽ വന്ന് പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു. 26 അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽ രാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലം മുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. 27 ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും, അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.
<- 2 ദിനവൃത്താന്തം 292 ദിനവൃത്താന്തം 31 ->