14 എന്നാൽ അമസ്യാവ് ഏദോമ്യരെ സംഹരിച്ച് മടങ്ങിവന്നശേഷം അവൻ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അവയെ തനിക്ക് ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവക്ക് ധൂപം കാട്ടുകയും ചെയ്തു. 15 അതുകൊണ്ട് യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു. അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ച്: “നിന്റെ കയ്യിൽനിന്ന് സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചത് എന്ത്” എന്ന് അവനോട് ചോദിച്ചു. 16 അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രാജാവ് അവനോട്: “നാം നിന്നെ രാജാവിന് മന്ത്രിയായി നിയമിച്ചിട്ടുണ്ടോ? മതി; നീ വെറുതെ കൊല്ലപ്പെടുന്നത് എന്തിന്” എന്ന് പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: “നീ എന്റെ ആലോചന കേൾക്കാതെ ഇത് ചെയ്തതുകൊണ്ട് ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.
17 അനന്തരം യെഹൂദാ രാജാവായ അമസ്യാവ് ഉപദേശം ചോദിച്ചശേഷം, യിസ്രായേൽ രാജാവായ യേഹൂവിന്റെ മകൻ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിനായി തയ്യാറാകുക” എന്ന് പറയിച്ചു. 18 അതിന് യിസ്രായേൽ രാജാവായ യോവാശ് യെഹൂദാ രാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: “ലെബാനോനിലെ മുൾപടർപ്പ് ദേവദാരുവിന്റെ അടുക്കൽ ആളയച്ച്: ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരിക’ എന്ന് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം ചെന്ന് മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു. 19 ഏദോമ്യരെ തോല്പിച്ചു എന്നു നീ പറയുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സ് നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ഇടപെടുന്നത് എന്തിന്?” 20 എന്നാൽ അമസ്യാവ് കേട്ടില്ല; അവർ ഏദോമ്യദേവന്മാരെ ആശ്രയിക്ക കൊണ്ട് അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന് അത് ദൈവഹിതത്താൽ സംഭവിച്ചു. 21 അങ്ങനെ യിസ്രായേൽ രാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാ രാജാവായ അമസ്യാവും യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് തമ്മിൽ നേരിട്ടു. 22 യെഹൂദാ യിസ്രായേലിനോട് തോറ്റു; ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി. 23 യിസ്രായേൽ രാജാവായ യോവാശ്, യെഹോവാഹാസിന്റെ മകൻ യോവാശിന്റെ മകൻ, യെഹൂദാ രാജാവായ അമസ്യാവിനെ, ബേത്ത്-ശേമെശിൽവെച്ച് പിടിച്ച് യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ, എഫ്രയീമിന്റെ പടിവാതിൽ മുതൽ കോൺപടിവാതിൽവരെ, നാനൂറ് മുഴം ഇടിച്ചുകളഞ്ഞു. 24 അവൻ ദൈവാലയത്തിൽ ഓബേദ്-ഏദോമിന്റെ പക്കൽ കണ്ട പൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ അമൂല്യ വസ്തുക്കളും എടുത്ത് തടവുകാരുമായി ശമര്യയിലേക്ക് മടങ്ങിപ്പോയി.
25 യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം, യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു. 26 അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ, ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 27 അമസ്യാവ് യഹോവയെ വിട്ടുമാറിയ കാലം മുതൽ യെരൂശലേമിൽ അവന്റെനേരെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു; അതുനിമിത്തം അവൻ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ ലാഖീശിലേക്ക് അവന്റെ പിന്നാലെ ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു. 28 അവനെ കുതിരപ്പുറത്ത് കൊണ്ടുവന്ന് ദാവീദിന്റെ നഗരത്തിൽ, അവന്റെ പിതാക്കന്മാരോടൊപ്പം അടക്കം ചെയ്തു.
<- 2 ദിനവൃത്താന്തം 242 ദിനവൃത്താന്തം 26 ->