Link to home pageLanguagesLink to all Bible versions on this site

1 എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവൻ ശക്തനായ ശേഷം അവനും യിസ്രായേൽ ജനവും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു. 2 അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ 3 ഈജിപ്റ്റിലെ രാജാവായ ശീശക്ക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയാളികളോടുംകൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ ഈജിപ്റ്റിൽ നിന്ന് ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെ അസംഖ്യം പടയാളികളും വന്നിരുന്നു. 4 അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേംവരെ വന്നു. 5 അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും, ശീശക്ക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽവന്ന് അവരോട്, യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു”. 6 അപ്പോൾ യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി: “യഹോവ നീതിമാൻ ആകുന്നു” എന്ന് പറഞ്ഞു. 7 അവർ തങ്ങളെത്തന്നെ താഴ്ത്തി എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാട് ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: “അവർ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് അല്പം വിടുതൽ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല. 8 എങ്കിലും അവർ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടതിന് അവർ അവന് ദാസന്മാരായിത്തീരും”. 9 ഇങ്ങനെ ഈജിപ്റ്റിലെ രാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് എല്ലാ വസ്തുക്കളും എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തുകൊണ്ടുപോയി. 10 അവക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു. 11 രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ കാവൽക്കാർ അവ ധരിച്ചുകൊണ്ട് നിൽക്കയും പിന്നീട് കാവൽപ്പുരയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും. 12 അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു. 13 ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ ശക്തനായി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന് നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന് യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു. 14 യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു. 15 രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു. 16 രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവ് അവന് പകരം രാജാവായി.

<- 2 ദിനവൃത്താന്തം 112 ദിനവൃത്താന്തം 13 ->