Link to home pageLanguagesLink to all Bible versions on this site

2 ദിനവൃത്താന്തം
ഗ്രന്ഥകര്‍ത്താവ്
യഹൂദ പാരമ്പര്യം അനുസരിച്ചു എസ്രാ ശാസ്ത്രിയാണ് ഇതിന്റെ എഴുത്തുകാരന് ശലമോന്റെ ഭരണമാണ് പുസ്തകത്തിന്റെ ആരംഭം ശലമോന്റെ മരണശേഷം രാജ്യം വിഭാഗിക്കപ്പെടുന്നു. 2 ദിനവൃത്താന്തം ഒന്നാമത്തെ പുസ്തകത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ശലമോന്റെ കാലം മുതല്‍ പ്രവാസം വരെയുള്ള എബ്രായ ജനതയുടെ ചരിത്രം വിശദീകരിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 450 - 425.
ഈ പുസ്തകമെഴുതപ്പെട്ട കാലം ഗണിക്കുന്നത് ഒരു സമസ്യയാണ് എന്നിരുന്നാലും ബാബിലോണ്‍പ്രവാസത്തില്‍നിന്ന് മടങ്ങിവന്നതിനു ശേഷമാണ് രചന നടന്നിരിക്കുന്നത് എന്നത് സ്പഷ്ടമാണ്.
സ്വീകര്‍ത്താവ്
പുരാതന യൂഹൂദ സമൂഹവും മറ്റു വായനക്കാരും.
ഉദ്ദേശം
2 ദിനവൃത്താന്തം പ്രധാനമായും 2 ശമുവേലിലും, 2 രാജാക്കന്മാരിലും ഉള്ള അതേ വസ്തുതകള്‍ തന്നെയാണ് പറയുന്നത്. ആ കാലത്തെ പൌരോഹിത്യ സംബന്ധിയായ വസ്തുതകളെപ്പറ്റിയാണ് ദിനവൃത്താന്തം കേന്ദ്രീകരിക്കുന്നത് 2 ദിനവൃത്താന്തം അടിസ്ഥാനപരമായി രാഷ്ട്രത്തിന്റെ സാത്വിക ചരിത്രത്തിന്റെ വിലയിരുത്തലാണ്.
പ്രമേയം
യിസ്രായേലിന്റെ അദ്ധ്യാത്മിക പൈതൃകം
സംക്ഷേപം
1. ശലോമോന്റെ കാലത്തെ യിസ്രായേല്യ ചരിത്രം — 1:1-9:31
2. രേഹോബയം മുതല്‍ ആഹാസ് വരെ — 10:1-28:37
3. ഹിസ്കീയാവ് മുതല്‍ യഹൂദയുടെ അവസാനംവരെ — 29:1-36:23

1 ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു; ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്വവാനാക്കി. 2 ശലോമോൻ എല്ലാ യിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും 3 സംസാരിച്ചിട്ട്, സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിയിലേക്ക് പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു. 4 എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ്, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്ക് കൊണ്ടുപോന്നു; അവൻ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു. 5 ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും പ്രാർഥനയോടെ യഹോവയെ അന്വേഷിച്ചു. 6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ കഴിച്ചു.

7 അന്ന് രാത്രി ദൈവം ശലോമോന് പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്ക് എന്ത് തരേണം; ചോദിച്ചു കൊൾക എന്നരുളിച്ചെയ്തു. 8 ശലോമോൻ ദൈവത്തോടു പറഞ്ഞത്: “എന്റെ അപ്പനായ ദാവീദിനോടു അങ്ങ് മഹാദയ കാണിച്ച് അവന് പകരം എന്നെ രാജാവാക്കിയിരിക്കുന്നു. 9 ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായല്ലോ? ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന് നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ. 10 ആകയാൽ ഈ ജനത്തിന് നായകനായിരിക്കേണ്ടതിന് എനിക്ക് ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്ക് കഴിയും?” 11 അതിന് ദൈവം ശലോമോനോട്: “ഇത് നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന് ന്യായപാലനം ചെയ്യേണ്ടതിന് ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും 12 ജ്ഞാനവും വിവേകവും നിനക്ക് നല്കിയിരിക്കുന്നു; അതല്ലാതെ നിനക്ക് മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്ക് തരും” എന്ന് അരുളിച്ചെയ്തു. 13 പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്ന്, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ രാജാവായി വാണു. 14 ശലോമോൻ രഥങ്ങളെയും കുതിരപ്പടയേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു. 15 രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും കല്ലുകൾ പോലെ സമൃദ്ധമാക്കി. ദേവദാരു വൃക്ഷങ്ങൾ താഴ്വരയിലെ കാട്ടത്തിമരങ്ങൾ പോലെ പെരുകി. 16 ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തത് ഈജിപ്റ്റിൽ നിന്ന് ആയിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വാങ്ങിക്കൊണ്ടുവരും. 17 അവർ ഈജിപ്റ്റിൽ നിന്ന് രഥമൊന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കെൽ വെള്ളി വിലയായി കൊടുത്ത് വാങ്ങിക്കൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.

2 ദിനവൃത്താന്തം 2 ->