Link to home pageLanguagesLink to all Bible versions on this site
3
പ്രബോധനത്തിനായി തിമൊഥെയൊസിനെ അയയ്ക്കുന്നു
1 അതുകൊണ്ട് ഈ വേർപിരിയൽ സഹിച്ചുകൂടാഞ്ഞിട്ട് ഞങ്ങൾ അഥേനയിൽ തനിച്ച് ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നു വിചാരിച്ചു. 2 നിങ്ങളിൽ ആരും ഈ കഷ്ടങ്ങളിൽ കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്, നിങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുവാനും ധൈര്യപ്പെടുത്തുവാനുമായി നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു. 3 കഷ്ടം അനുഭവിക്കുവാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. 4 ഞങ്ങൾ നിങ്ങളോടുകൂടെ ഇരുന്നപ്പോൾ നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു മുമ്പുകൂട്ടി പറഞ്ഞത് പോലെ തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു. 5 ഈ കാരണത്താൽ എനിക്ക് ഒട്ടും സഹിച്ചുകൂടാഞ്ഞിട്ട് പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ? ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ? എന്നീ ചിന്തകളാൽ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന് ആളയച്ച്. 6 ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്ന് വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ചിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ചിച്ചുകൊണ്ട് ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക് എപ്പോഴും നല്ല ഓർമ്മ ഉണ്ട് എന്ന് ഞങ്ങളോടു ശുഭവാർത്ത അറിയിച്ച കാരണത്താൽ, 7 സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ച് ആശ്വാസം പ്രാപിച്ചു. 8 നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞ് ഞങ്ങൾ ഇപ്പോൾ വാസ്തവമായും ജീവിക്കുന്നു. 9 നിങ്ങൾ നിമിത്തം നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിനും എത്രത്തോളം ദൈവത്തിന് സ്തോത്രം കരേറ്റുവാൻ ഞങ്ങളാൽ കഴിയും! 10 നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവ് തീർപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നു.

11 നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴി ഒരുക്കിത്തരുമാറാകട്ടെ. 12 എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്ക് തമ്മിൽതമ്മിലും മറ്റുള്ളവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ച് കവിയുമാറാക്കുകയും 13 ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

<- 1 തെസ്സലൊനീക്യർ 21 തെസ്സലൊനീക്യർ 4 ->