Link to home pageLanguagesLink to all Bible versions on this site

1 തെസ്സലൊനീക്യർ
ഗ്രന്ഥകര്‍ത്താവ്
പൗലോസിനെ ഈ ലേഖനത്തിന്റെ എഴുത്തുകാരനായി രണ്ടിടങ്ങളിൽ പറഞ്ഞിരിക്കുന്നു. (1:1; 2:18). ശീലാസിനോടും തിമോഥെയോസിനോടും ചേർന്ന് തൻറെ രണ്ടാമത്തെ മിഷനറി യാത്രയിലാണ് പൗലോസ് ഈ സഭ സ്ഥാപിച്ചത് (പ്രവൃത്തികൾ 17:1–9), തെസ്സലോനിക്കയില്‍ നിന്നും പോയതിനു ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ആണ് ഈ ലേഖനം എഴുതപ്പെട്ടത് തെസ്സലൊനീക്യയിലെ പൗലോസിനെ ശുശ്രൂഷ നിമിത്തം യഹൂദന്മാര്‍ മാത്രമല്ല ജാതികളായ വരും വിശ്വാസത്തിലേക്ക് വരുന്നതിന് ഇടയായി. ധാരാളം വിജാതിയർ വിഗ്രഹങ്ങളെ ഉപേക്ഷിച്ച് സഭകളിലേക്ക് വന്നു. എന്നാൽ യഹൂദർക്ക് അതൊരു പ്രശ്നമായിരുന്നില്ല. (1 തെസ്സലോനിക്യർ 1:9).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 51.
കൊരിന്തില്‍ വച്ചാണ് പൗലോസ് തെസ്സലൊനീക്യ സഭയ്ക്കുള്ള ആദ്യലേഖനം എഴുതുന്നത്.
സ്വീകര്‍ത്താവ്
തെസ്സലോനിക്യയിലുള്ള സഭയ്ക്കാണ് ഈ ലേഖനം എഴുതപ്പെട്ടത് എങ്കിലും പൊതുവായി എല്ലാ കാലത്തുമുള്ള ക്രൈസ്തവ ജനതക്ക് കൂടിയാണ്.
ഉദ്ദേശം
പുതിയ വിശ്വാസികളെ പ്രതിസന്ധികളിൽ വിശ്വാസത്തിൽ നിലനിൽക്കുവാൻ പ്രോത്സാഹിപ്പിക്കുക, വിശുദ്ധ ജീവിതത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുക, ക്രിസ്തുവിന്‍റെ വരവിനു മുൻപ് മരിക്കുന്ന ഭക്തന്മാരെ സംബന്ധിച്ചുള്ള സംശയം ദുരീകരിക്കുക, ധാർമ്മികമായും പ്രായോഗികമായും തിരുത്തുക എന്നതാണ് പൗലോസ് ഈ ലേഖനം എഴുതിയതിന്റെ ഉദ്ദേശ്യങ്ങള്‍.
പ്രമേയം
സഭയെ സംബന്ധിക്കുന്നതായിരിക്കുന്ന
സംക്ഷേപം
നന്ദി പ്രകാശനം — 1:1-10
അപ്പോസ്തലിക പ്രവർത്തനങ്ങൾക്കുള്ള പ്രതിരോധം. — 2:1-3:13
തെസ്സലോനിക്കക്കാര്‍ക്കുള്ള പ്രബോധനങ്ങൾ. — 4:1-5:22
സമാപന പ്രാർത്ഥനയും ആശീർവാദവും. — 5:23-28

1
വന്ദനം
1 പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
തെസ്സലോനിക്യസഭയുടെ അനുകരണീയ മാതൃകകൾക്കായുള്ള അഭിനന്ദനം
2 ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹനിർഭരമായ പ്രയത്നങ്ങളും 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന് സ്തോത്രം ചെയ്യുന്നു. 4 ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ പറ്റി ഞങ്ങൾ അറിയുന്നു. 5 ഞങ്ങളുടെ സുവിശേഷം കേവലം വാക്കുകളായിമാത്രമല്ല, പരിശുദ്ധാത്മ ശക്തിയോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങൾക്ക് വേണ്ടി ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു നിങ്ങൾ അറിഞ്ഞിരിക്കുന്നുവല്ലോ. 6 ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും പരിശുദ്ധാത്മാവ് നല്കിയ സന്തോഷത്തോടെ നിങ്ങൾ വചനം കൈക്കൊണ്ട് ഞങ്ങൾക്കും കർത്താവിനും അനുകാരികളായിത്തീർന്നു. 7 അങ്ങനെ നിങ്ങൾ മക്കെദോന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്ക് എല്ലാവർക്കും മാതൃകയായിത്തീർന്നു. 8 നിങ്ങളുടെ അടുക്കൽ നിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നത് മക്കെദോന്യയിലും അഖായയിലും മാത്രമല്ല, മറ്റ് എല്ലായിടങ്ങളിലും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഒന്നുംതന്നെ ഞങ്ങൾ പറയേണ്ട ആവശ്യമില്ല. 9 ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള സ്വീകരണം ലഭിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും 10 അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്ന് വരുന്നത് കാത്തിരിക്കുവാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്ക് എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നേ പറയുന്നു.

1 തെസ്സലൊനീക്യർ 2 ->