Link to home pageLanguagesLink to all Bible versions on this site

1 ശമൂവേൽബാലൻ ഏലിയുടെ ശിക്ഷ്ണത്തിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്ത് പോന്നു; ആ കാലത്ത് യഹോവയുടെ വചനം വളരെ കുറവായിരുന്നു; ദർശനങ്ങളും അധികം ഇല്ലായിരുന്നു. 2 ഒരിക്കൽ ഏലി തന്റെ മുറിയിൽ കിടന്നുറങ്ങി; അവന്റെ കാഴ്ചശക്തി മങ്ങിത്തുടങ്ങിയിരുന്നു. 3 ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്ക് അണയുന്നതിനു മുൻപെ ശമൂവേൽ ചെന്ന് കിടന്നു. 4 യഹോവ ശമൂവേലിനെ വിളിച്ചു: “അടിയൻ” എന്ന് അവൻ വിളികേട്ടു ഏലിയുടെ അടുക്കലേക്ക് ഓടിച്ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു ചോദിച്ചു. 5 “ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക” എന്നു ഏലി പറഞ്ഞു; അവൻ പോയി കിടന്നു. 6 യഹോവ പിന്നെയും “ശമൂവേലേ!” എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടി ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവോ” എന്നു ചോദിച്ചു. “ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക” എന്ന് അവൻ പറഞ്ഞു. 7 ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് വെളിപ്പെട്ടതുമില്ല. 8 യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യവും വിളിച്ചു. വീണ്ടും അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്ക് മനസ്സിലായി. 9 ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു” എന്നു പറഞ്ഞുകൊള്ളേണം. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്ത് ചെന്നുകിടന്നു. 10 അപ്പോൾ യഹോവ വന്ന് മുമ്പിലത്തെപ്പോലെ: “ശമൂവേലേ, ശമൂവേലേ,” എന്ന് വിളിച്ചു. അതിന് ശമൂവേൽ: “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്ന് പറഞ്ഞു. 11 യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: “ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അത് കേൾക്കുന്നവർ ഞെട്ടും. 12 ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്ത എല്ലാകാര്യങ്ങളും ഞാൻ അന്ന് അവന്റെമേൽ ആദ്യം മുതൽ അവസാനംവരെ പൂർത്തീകരിക്കും. 13 അവന്റെ പുത്രന്മാർ അവരെ തന്നെ ശാപയോഗ്യരാക്കി[a]. എന്നിട്ടും അവൻ മക്കളെ ശാസിച്ച് തടഞ്ഞില്ല. അതുകൊണ്ട് അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും” എന്ന് ഞാൻ അവനോട് കല്പിച്ചിരിക്കുന്നു. 14 ഏലിയുടെ ഭവനം ചെയ്ത പാപത്തിന്, യാഗത്താലും വഴിപാടിനാലും ഒരു കാലത്തും പരിഹാരം വരികയില്ല എന്ന് ഞാൻ സത്യം ചെയ്തിരിക്കുന്നു. 15 പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിക്കുവാൻ ശമൂവേൽ ഭയപ്പെട്ടു. 16 ഏലി ശമൂവേലിനെ വിളിച്ചു: “ശമൂവേലേ, മകനേ”. “അടിയൻ ഇതാ” എന്ന് അവൻ പറഞ്ഞു. 17 അപ്പോൾ ഏലി: “നിനക്കുണ്ടായ അരുളപ്പാട് എന്ത്? എന്നോട് ഒന്നും മറച്ചു വെക്കരുതേ; നിന്നോട് അരുളിച്ചെയ്ത ഒരു വാക്കെങ്കിലും എന്നോട് പറയാതിരുന്നാൽ ദൈവം നിന്നോട് അങ്ങനെ തന്നെയോ, അതിലധികമോ ചെയ്യട്ടെ” എന്ന് പറഞ്ഞു. 18 അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചു വെച്ചില്ല. അപ്പോൾ ഏലി: “യഹോവയാണല്ലോ ഇത് അരുളിചെയ്തിരിക്കുന്നത്; അവിടുത്തെ ഇഷ്ടംപോലെ ചെയ്യട്ടെ” എന്നു പറഞ്ഞു. 19 ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; ദൈവത്തിന്റെ[b] വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല. 20 ദാൻ മുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേൽ ജനമൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്ന് ഗ്രഹിച്ചു. 21 യഹോവ ശീലോവിൽവച്ച് ശമൂവേലിന് യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം, വീണ്ടും ശീലോവിൽവച്ച് പ്രത്യക്ഷനായി.

<- 1 ശമൂവേൽ 21 ശമൂവേൽ 4 ->