Link to home pageLanguagesLink to all Bible versions on this site
17
1 എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: “ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല” എന്ന് പറഞ്ഞു. 2 പിന്നെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്: 3 “നീ ഇവിടെനിന്ന് പുറപ്പെട്ട് കിഴക്കോട്ട് ചെന്ന് യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്ക. 4 തോട്ടിൽനിന്ന് നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന് ഞാൻ മലങ്കാക്കയോട് കല്പിച്ചിരിക്കുന്നു. 5 അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ പാർത്തു. 6 മലങ്കാക്ക അവന് രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്ന് കൊടുത്തു; തോട്ടിൽനിന്ന് അവൻ കുടിച്ചു. 7 എന്നാൽ ദേശത്ത് മഴ പെയ്യാതിരുന്നതിനാൽ കുറെ ദിവസം കഴിഞ്ഞശേഷം തോട് വറ്റിപ്പോയി. 8 അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായത്: 9 നീ എഴുന്നേറ്റ് സീദോനിലെ സാരെഫാത്തിൽ ചെന്ന് അവിടെ താമസിക്കുക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു. 10 അങ്ങനെ അവൻ എഴുന്നേറ്റ് സാരെഫാത്തിന് പോയി. അവൻ പട്ടണവാതില്ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറക് പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളോട് “എനിക്ക് കുടിക്കുവാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ” എന്ന് പറഞ്ഞു. 11 അവൾ കൊണ്ടുവരുവാനായി പോകുമ്പോൾ, “ഒരു കഷണം അപ്പവുംകൂടെ നിന്റെ കയ്യിൽ കൊണ്ടുവരേണമേ” എന്ന് അവൻ അവളോട് വിളിച്ചുപറഞ്ഞു. 12 അതിന് അവൾ: “നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ട് വിറക് പെറുക്കുന്നു; ഇത് കൊണ്ടുചെന്ന് എനിക്കും എന്റെ മകനും വേണ്ടി ഭക്ഷണം പാകംചെയ്ത് ഞങ്ങൾ തിന്നശേഷം ഭക്ഷണമില്ലാതെ മരിപ്പാനിരിക്കയാകുന്നു” എന്ന് പറഞ്ഞു. 13 ഏലീയാവ് അവളോട്: “ഭയപ്പെടേണ്ടാ; ചെന്ന് നീ പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം എനിക്ക് ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക. 14 ‘യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവ് തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല’ എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു. 15 അവൾ ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു. 16 യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവ് തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല. 17 അനന്തരം വീട്ടുടമസ്ഥയായ സ്ത്രീയുടെ മകൻ രോഗിയായി; രോഗം ഗുരുതരമായി തീർന്നിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി. 18 അപ്പോൾ അവൾ ഏലീയാവോട്: “അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ പാപം ഓർപ്പിക്കേണ്ടതിനും എന്റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നത്” എന്ന് ചോദിച്ചു 19 അവൻ അവളോട്: “നിന്റെ മകനെ ഇങ്ങ് തരിക” എന്ന് പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്റെ കട്ടിലിന്മേൽ കിടത്തി. 20 അവൻ യഹോവയോട്: ‘എന്റെ ദൈവമായ യഹോവേ, ഞാൻ പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്ക് അനർത്ഥം വരുത്തിയോ’ എന്ന് പ്രാർത്ഥിച്ചുപറഞ്ഞു. 21 പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്ന്, ‘എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ’ എന്ന് യഹോവയോട് പ്രാർത്ഥിച്ചു. 22 യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു. 23 ഏലീയാവ് കുട്ടിയെ എടുത്ത് മാളികയിൽനിന്ന് താഴെ വീട്ടിലേക്ക് കൊണ്ടുചെന്ന് അവന്റെ അമ്മക്ക് കൊടുത്തു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്ന് ഏലീയാവ് പറഞ്ഞു. 24 സ്ത്രീ ഏലീയാവിനോട്: “നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്ന് പറഞ്ഞു.

<- 1 രാജാക്കന്മാർ 161 രാജാക്കന്മാർ 18 ->