9 യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി. 10 അവൻ നാല്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ പിതാമഹിക്ക് മയഖാ എന്ന് പേർ; അവൾ അബിശാലോമിന്റെ പൗത്രി ആയിരുന്നു. 11 ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു. 12 അവൻ പുരുഷവേശ്യകളെ ദേശത്തുനിന്ന് പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു. 13 തന്റെ പിതാമഹിയായ മയഖ അശേരെക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിന്നരികെവെച്ച് ചുട്ടുകളഞ്ഞു. 14 എന്നാൽ പൂജാഗിരികൾക്ക് നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു. 15 വെള്ളി, പൊന്ന്, മറ്റ് ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ, അവൻ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്നു. 16 ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 17 യിസ്രായേൽ രാജാവായ ബയെശാ യെഹൂദയുടെനേരെ വന്ന്, രാമയെ പണിത് ഉറപ്പിച്ചു; യെഹൂദാ രാജാവായ ആസയുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്റെ ലക്ഷ്യം. 18 അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു: 19 “എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്ക് തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം” എന്ന് പറയിച്ചു. 20 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ട്, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്ക് നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നേരെത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി. 21 ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി, തിർസ്സയിൽ തന്നേ പാർത്തു. 22 ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്ന് ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു; ആസാ രാജാവ് അവ കൊണ്ട് ബെന്യാമീനിലെ ഗിബയും മിസ്പയും പണിത് ഉറപ്പിച്ചു. 23 ആസയുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും, പട്ടണങ്ങൾ പണിതതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്ത് അവന്റെ കാലുകൾക്ക് രോഗം ബാധിച്ചു. 24 ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന് പകരം രാജാവായി.
25 യെഹൂദാ രാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകൻ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ട് സംവത്സരം യിസ്രായേലിൽ വാണു. 26 അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു. 27 എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകൻ ബയെശാ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലാ യിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു. 28 ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്ന് അവന് പകരം രാജാവായി. 29 അവൻ രാജാവായ ഉടൻ തന്നെ യൊരോബെയാം ഗൃഹത്തെ മുഴുവനും കൊന്നൊടുക്കി; യഹോവ ശീലോന്യനായ അഹിയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്റെ കുടുംബത്തിൽ ജീവനുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു. 30 യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവും ഇപ്രകാരം സംഭവിച്ചു. 31 നാദാബിന്റെ മറ്റുള്ള പ്രവൃത്തികളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 32 ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 33 യെഹൂദാ രാജാവായ ആസയുടെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകൻ ബയെശാ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാല് സംവത്സരം വാണു. 34 അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്ത് യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.
<- 1 രാജാക്കന്മാർ 141 രാജാക്കന്മാർ 16 ->