4 യൊരോബെയാമിന്‍റെ ഭാര്യ അങ്ങനെ തന്നെ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്‍റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരുന്നതുകൊണ്ടു കാണ്മാൻ കഴിയാതെയിരുന്നു. 5 എന്നാൽ യഹോവ അഹീയാവിനോട്: “യൊരോബെയാമിന്‍റെ ഭാര്യ തന്‍റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും” എന്നു അരുളിച്ചെയ്തു.
6 അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ടു പറഞ്ഞത്: “യൊരോബെയാമിന്‍റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിക്കുവാൻ എനിക്കു നിയോഗം ഉണ്ട്. 7 നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടത്: ‘യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്‍റെ ഇടയിൽ നിന്നു നിന്നെ ഉയർത്തി, എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവാക്കി. 8 രാജത്വം ദാവീദ് ഗൃഹത്തിൽ നിന്നു കീറിയെടുത്ത് നിനക്കു തന്നു; എങ്കിലും എന്‍റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കുകയും ചെയ്ത എന്‍റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ 9 നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിനു നീ അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പുറന്തള്ളികളഞ്ഞു 10 അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്‍റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്‍റെ ഗൃഹം അശേഷം മുടിഞ്ഞുപോകും വരെ അതിനെ കോരിക്കളകയും ചെയ്യും. 11 യൊരോബെയാമിന്‍റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.’ ”
12 അഹീയാവ് യൊരോബെയാമിന്‍റെ ഭാര്യയോടു തുടർന്ന് പറഞ്ഞു: “ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്‍റെ കാൽ പട്ടണത്തിനകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും. 13 യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്‍റെ ഗൃഹത്തിൽ വച്ചു അവനിൽ മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്‍റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും. 14 യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്‍റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം, അതേ ഇപ്പോൾ തന്നെ! 15 യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഞാങ്ങണ ചെടി വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ലദേശത്തുനിന്നു അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും. 16 പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്‍റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.”
17 അപ്പോൾ യൊരോബെയാമിന്‍റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു. 18 യഹോവ തന്‍റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
19 യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 20 യൊരോബെയാം വാണകാലം ഇരുപത്തിരണ്ടു വര്‍ഷം ആയിരുന്നു. അവൻ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ നാദാബ് അവനു പകരം രാജാവായി.
25 എന്നാൽ രെഹബെയാം രാജാവിന്‍റെ അഞ്ചാം ആണ്ടിൽ മിസ്രയീം രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ചു. 26 യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി. 27 ഇവയ്ക്കു പകരം രെഹബെയാം രാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു. 28 രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
29 രെഹബെയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ? 30 യൊരോബെയാമിനും രെഹബെയമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 31 രെഹബെയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാക്കന്മാരോടു കൂടെ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്‍റെ അമ്മ. അവന്‍റെ മകൻ അബീയാം അവനു പകരം രാജാവായി.
<- 1 രാജാക്കന്മാർ 131 രാജാക്കന്മാർ 15 ->
Languages