Link to home pageLanguagesLink to all Bible versions on this site

1 എന്റെ പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നു. എന്നാൽ ആരെങ്കിലും പാപംചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന മദ്ധ്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്. 2 അവൻ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന് മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിനും തന്നെ. 3 നാം അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ അവനെ നാം അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു. 4 ‘ഞാൻ ദൈവത്തെ അറിയുന്നു’ എന്ന് പറയുകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയൻ ആകുന്നു; സത്യം അവനിൽ ഇല്ല. 5 എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ സത്യമായി ദൈവസ്നേഹം അവനിൽ തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. 6 ‘ദൈവത്തിൽ വസിക്കുന്നു’ എന്ന് പറയുന്നവൻ യേശുക്രിസ്തു നടന്നതുപോലെ നടക്കുവാൻ കടപ്പെട്ടവനാണ്.

7 പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ. 8 ക്രിസ്തുവിലും നിങ്ങളിലും സത്യമായിരിക്കുന്ന പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം; കാരണം, ഇരുട്ട് നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇപ്പോൾതന്നെ പ്രകാശിക്കുന്നു. 9 വെളിച്ചത്തിൽ ഇരിക്കുന്നു എന്ന് പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു. 10 തന്റെ സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചക്ക് അവനിൽ കാരണമില്ല. 11 എന്നാൽ സഹോദരനെ വെറുക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണ് കുരുടാക്കുകയാൽ എവിടേക്ക് പോകുന്നു എന്ന് അവൻ അറിയുന്നില്ല.

12 പ്രിയ കുഞ്ഞുങ്ങളേ, അവന്റെ നാമംനിമിത്തം നിങ്ങളുടെ പാപങ്ങൾ മോചിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. 13 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യൗവനക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. 14 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. യൗവനക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കുകയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.

ലോകത്തെ സ്നേഹിക്കരുത്
15 ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. 16 ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് *ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് ഭൗതികസമൃദ്ധിയുടെ നിഗളം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്എല്ലാം പിതാവിന്റേതല്ല, എന്നാൽ ലോകത്തിന്റേതത്രെ ആകുന്നു. 17 ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.
എതിർക്രിസ്തുവിനെക്കുറിച്ചുള്ള മുന്നറിയിപ്പ്
18 കുഞ്ഞുങ്ങളേ, ഇത് അന്ത്യകാലമാകുന്നു; എതിർക്രിസ്തു വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ വന്നിരിക്കുകയാൽ അന്ത്യകാലമാകുന്നു എന്ന് നമുക്ക് അറിയാം. 19 അവർ നമ്മുടെ ഇടയിൽനിന്ന് പുറത്തുപോയി; എന്നാൽ അവർ നമുക്കുള്ളവർ അല്ലായിരുന്നു; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ അവർ നമ്മോടുകൂടെ ഉണ്ടാകുമായിരുന്നു; എന്നാൽ അവർ പുറത്തുപോയതുകൊണ്ട് അവരാരും നമുക്കുള്ളവർ അല്ലെന്ന് കാണിക്കുന്നു. 20 എന്നാൽ നിങ്ങൾ പരിശുദ്ധനിൽ നിന്നുള്ള അഭിഷേകം പ്രാപിക്കുകയും എല്ലാം അറിയുകയും ചെയ്യുന്നു. 21 നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുകയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്ന് വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. 22 യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു. 23 പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്. 24 നിങ്ങൾ ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും. 25 ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ. 26 നിങ്ങളെ വഞ്ചിക്കുന്നവർ നിമിത്തം ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. 27 അവനിൽനിന്ന് സ്വീകരിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാൻ ആവശ്യമില്ല; എന്നാൽ അവന്റെ അഭിഷേകം തന്നെ നിങ്ങൾക്ക് സകലത്തെക്കുറിച്ചും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നെ ആയിരിക്കുകയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിക്കുവിൻ.
ദൈവത്തിന്റെ മക്കൾ
28 ഇപ്പോഴോ പ്രിയ കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ മുമ്പിൽ ലജ്ജിച്ചുപോകാതിരിക്കേണ്ടതിനും അവന്റെ വരവിൽ നമുക്ക് ധൈര്യം ഉണ്ടാകേണ്ടതിനും അവനിൽ വസിക്കുവിൻ. 29 അവൻ നീതിമാൻ എന്ന് നിങ്ങൾ അറിയുന്നു എങ്കിൽ നീതി ചെയ്യുന്നവരെല്ലാം അവനിൽനിന്ന് ജനിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നു.

<- 1 യോഹന്നാൻ 11 യോഹന്നാൻ 3 ->