ഈ ലേഖനത്തില്‍ എഴുത്തുകാരനെ പ്പറ്റി സൂചനകളില്ല എന്നാൽ ആദിമ സഭ അപ്പോസ്തലനായ യോഹന്നാൻ എഴുതി എന്ന് അംഗീകരിച്ചിട്ടുണ്ട്. മൂന്നു ലേഖനങ്ങളിലും യോഹന്നാന്റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും ശക്തമായ മൂന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ ഉറപ്പിക്കാം ഒന്നാമത് ഒന്ന് രണ്ട് നൂറ്റാണ്ടുകളിലെ എഴുത്തുകാരൻ ഇത് യോഹന്നാന്റെ രചനയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. രണ്ടാമത് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലി യോഹന്നാന്റെ സുവിശേഷത്തിന്റെതാണ്. മൂന്നാമതായി എഴുത്തുകാരൻ യേശുവിനെ മുഖാമുഖമായി കാണുകയും അവനെ സ്പർശിച്ചിട്ടുള്ളതായി പറഞ്ഞിരിക്കുന്നു. (1 യോഹ 1:14, 4:14).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം എ. ഡി 85-95.
യോഹന്നാൻ ഈ ലേഖനം എഫേസോസിൽ വച്ച് എഴുതി അപ്പോസ്തലൻ തന്റെ വാർദ്ധക്യ കാലം ചിലവഴിച്ചത് അവിടെയാണ്.
സ്വീകര്‍ത്താവ്
ആർക്കുവേണ്ടിയാണ് ലേഖനം എഴുതപ്പെട്ടതെന്ന് സ്പഷ്ടമല്ല. എന്നിരുന്നാലും വിശ്വാസസമൂഹത്തിന് എഴുതപ്പെട്ടു എന്നാണ് ഇതിന്റെ ഉള്ളടക്കം ചൂണ്ടിക്കാണിക്കുന്നത്. (1 യോഹ. 1:34, 2:12-14). വിവിധയിടങ്ങളിൽ ഉള്ള വിശുദ്ധന്മാർക്ക് വേണ്ടി എഴുതപ്പെട്ടു. പൊതുവായി പറഞ്ഞാൽ എവിടെയുമുള്ള ക്രൈസ്തവ ജനം.
ഉദ്ദേശം
കൂട്ടായ്മയെ പരിപോഷിപ്പിക്കുവാനും സന്തോഷം ഉള്ളവരായി പാപത്തിൽനിന്ന് ഒഴിവു ഉള്ളവരായി രക്ഷാ നിർണ്ണയം പ്രാപിച്ച് യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂട്ടായ്മയിൽ നിലനില്ക്കുവാനുള്ള പ്രബോധനം. സഭയിൽ നിന്നും പുറത്താക്കപ്പെട്ട ദുരുപദേഷ്ടാക്കന്മാർ സഭയിൽ നിന്നും അനേകരെ സുവിശേഷത്തിന്റെ സത്യത്തിൽനിന്ന് തെറ്റിക്കുവാൻ ശ്രമിക്കുന്നു എന്ന പ്രശ്നത്തെ കൈകാര്യം ചെയ്യുന്നു.
പ്രമേയം
ദൈവവുമായുള്ള കൂട്ടായ്മ
സംക്ഷേപം
1. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ യാഥാർത്ഥ്യം. — 1:1-4
2. കൂട്ടായ്മ — 1:5-2:17
3. വഞ്ചന തിരിച്ചറിയുക — 2:18-27
3. വിശുദ്ധ ജീവിതത്തെക്കുറിച്ച് പ്രബോധനം. — 2:28-3:10
4. സ്നേഹമാണ് അടിസ്ഥാനം. — 3:11-24
5. അശുദ്ധാത്മാക്കളെ വിവേചിക്കുക. — 4:1-6
6. വിശുദ്ധീകരണത്തിന്റെ ആവശ്യകത. — 4:7-5:21
1
ജീവന്റെ വചനം
1 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകൊണ്ട് കണ്ടതും ഞങ്ങൾ നോക്കിയതും 2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ച് — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ട് സാക്ഷീകരിക്കുകയും പിതാവിനോടുകൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കുകയും ചെയ്യുന്നു — 3 ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടുകൂടെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടുകൂടെയും ആകുന്നു. 4 അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇത് നിങ്ങൾക്ക് എഴുതുന്നു.
വെളിച്ചത്തിൽ നടക്കുക
5 ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് അശേഷം ഇല്ല എന്നത് ഞങ്ങൾ അവനിൽനിന്ന് കേട്ട്, നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു. 6 അവനോട് കൂടെ കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ നാം ഭോഷ്ക് പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. 7 എന്നാൽ അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. 8 നമുക്ക് പാപം ഇല്ല എന്ന് പറയുന്നു എങ്കിൽ നമ്മൾ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. 9 എന്നാൽ നമ്മുടെ പാപങ്ങളെ നമ്മൾ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ നമ്മൾ അവനെ നുണയൻ ആക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
1 യോഹന്നാൻ 2 ->