6
വ്യവഹാരങ്ങൾ വിശ്വാസികളുടെ ഇടയിൽ
1 നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു അന്യായം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകാതെ അഭക്തന്മാരുടെ മുൻപിൽ പോകുവാൻ തുനിയുന്നുവോ? 2 വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെയും വിധിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ലയോ? 3 നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ? എന്നാൽ ഈ ജീവിതത്തെ സംബന്ധിക്കുന്നവയെ എത്ര അധികം? 4 അതുകൊണ്ട് നിങ്ങൾക്ക് ഈ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ അന്യായം ഉണ്ടെങ്കിൽ വിധിക്കുവാൻ സഭ ഗണ്യമാക്കാത്തവരെ നിയമിക്കുന്നുവോ? 5 നിങ്ങളുടെ ലജ്ജയ്ക്കായി ഞാൻ ഇത് പറയുന്നു. സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാക്കുവാൻ പ്രാപ്തിയുള്ളൊരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? 6 എന്നാൽ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നെ. 7 നിങ്ങളുടെ ഇടയിൽ അന്യായം ഉണ്ടാകുന്നത് തന്നെ കേവലം പോരായ്മയാകുന്നു; അതിന് പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്? 8 പക്ഷേ, നിങ്ങൾതന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു; 9 അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ, 10 കള്ളന്മാരോ, അത്യാഗ്രഹികളോ, മദ്യപന്മാരോ, അസഭ്യം പറയുന്നവരോ, വഞ്ചകന്മാരോ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കഴുകപ്പെട്ടിരിക്കുന്നു, നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ നീതീകരണവും പ്രാപിച്ചിരിക്കുന്നു.
ദുർന്നടപ്പ്
12 എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും ഞാൻ യാതൊന്നിനും അടിമപ്പെടുകയില്ല. 13 ആഹാരം വയറിനും വയറ് ആഹാരങ്ങൾക്കും ഉള്ളത്; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലാതെയാക്കും. ശരീരമോ ദുർന്നടപ്പിനല്ല, കർത്താവിനത്രേ; കർത്താവ് ശരീരത്തിനും. 14 എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും. 15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന് അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്ത് വേശ്യയുടെ അവയവങ്ങൾ ആക്കുമോ? ഒരുനാളും അരുത്. 16 വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ. 17 എന്നാൽ കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു. 18 ദുർന്നടപ്പ് വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു. 19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20 ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
<- 1 കൊരിന്ത്യർ 51 കൊരിന്ത്യർ 7 ->