5 അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ. 6 ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. 7 ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല. 8 നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും. 9 എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്‍റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്‍റെ കൃഷിത്തോട്ടം, ദൈവത്തിന്‍റെ ഗൃഹനിർമ്മാണം.
10 ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. 11 എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല. 12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും; 13 ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും. 14 ഒരുവൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. 15 ഒരുവന്‍റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
16 നിങ്ങൾ ദൈവത്തിന്‍റെ മന്ദിരം ആണെന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? 17 ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; എന്തെന്നാൽ, ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളാകുന്നുവല്ലോ ആ ആലയം.
18 ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്നു കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ. 19 എന്തെന്നാൽ ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.
Languages