5 ചിലർ ആ പുരുഷന്മാരുടെ വിവരം ദാവീദിനോട് ചെന്നു അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ ദാവീദ് അവരെ എതിരേൽക്കുവാൻ ആളയച്ചു; “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ താമസിച്ചിട്ടു മടങ്ങിവരുവിൻ” എന്നു രാജാവു പറയിച്ചു.
6 തങ്ങൾ ദാവീദിന് വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊത്താമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്തു വെള്ളി കൊടുത്തു കൂലിക്കു വാങ്ങി. 7 അവർ മുപ്പത്തീരായിരം രഥങ്ങളെയും മാഖാരാജാവിനെയും അവന്‍റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബയ്ക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടയ്ക്കു പുറപ്പെട്ടു. 8 ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു. 9 അമ്മോന്യർ വന്ന് പട്ടണത്തിന്‍റെ പടിവാതില്ക്കൽ യുദ്ധത്തിനായി അണിനിരന്നു; അവരെ സഹായിക്കുവാൻ വന്ന രാജാക്കന്മാർ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു[c].
10 തന്‍റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലാ യിസ്രായേൽ വീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി. 11 ശേഷിച്ച പടജ്ജനത്തെ അവൻ തന്‍റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. 12 പിന്നെ അവൻ: “അരാമ്യർ എന്നേക്കാൾ ശക്തി പ്രാപിച്ചാൽ നീ എനിക്ക് സഹായം ചെയ്യേണം; അമ്മോന്യർ നിന്നേക്കാൾ ശക്തി പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും. 13 ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്‍റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവ തനിക്കു ഇഷ്ടമുള്ളത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
14 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു യുദ്ധത്തിന് ചെന്നു; അവർ അവന്‍റെ മുമ്പിൽനിന്നു ഓടി. 15 അരാമ്യർ ഓടിപ്പോയതു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്‍റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു. 16 തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്‍റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.
17 അത് ദാവീദിനു അറിവുകിട്ടിയപ്പോൾ അവൻ എല്ലാ യിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരേ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടയ്ക്ക് അണിനിരത്തിയ ശേഷം അവർ അവനോട് പടയേറ്റു യുദ്ധം ചെയ്തു. 18 എന്നാൽ അരാമ്യർ യിസ്രായേലിന്‍റെ മുമ്പിൽ നിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം (7,000) തേരാളികളെയും നാല്പതിനായിരം (40,000) കാലാളുകളെയും വധിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു. 19 ഹദദേസെരിന്‍റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്ന് കണ്ടിട്ട് ദാവീദിനോടു സന്ധിചെയ്തു അവനു കീഴടങ്ങി; അമ്മോന്യരെ സഹായിക്കുവാൻ അരാമ്യർ പിന്നെ ശ്രമിച്ചതുമില്ല.
<- 1 ദിനവൃത്താന്തം 181 ദിനവൃത്താന്തം 20 ->
Languages