15
1 ദാവീദ് തനിക്കുവേണ്ടി ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു. 2 അന്ന് ദാവീദ്: “ലേവ്യർ മാത്രമാണ് ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടത്; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമക്കുവാനും അവിടുത്തേക്ക് എന്നും ശുശ്രൂഷ ചെയ്യുവാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത്” എന്ന് പറഞ്ഞു. 3 അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിനായി ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടുവരുവാൻ എല്ലാ യിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി. 4 ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. 5 കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപത് (120) പേരെയും 6 മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും (220) 7 ഗെർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും (130) 8 എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും (200) 9 ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു പേരെയും 10 ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും (112) ആണ് ദാവീദ് കൂട്ടിവരുത്തിയത്. 11 ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞത്: 12 നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം, ഞാൻ അതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിക്കുക. 13 ആദിയിൽ നിങ്ങൾ അത് ചെയ്തില്ല, അതുകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ ശിക്ഷിച്ചു; അന്ന് നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത് 14 അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു. 15 ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ വച്ചു ചുമന്നു. 16 പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനികളോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ മുഴക്കേണ്ടതിന് സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിയമിക്കുവാൻ കല്പിച്ചു. 17 അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും 18 അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു. 19 സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങൾ കൊട്ടുവാൻ നിയമിക്കപ്പെട്ടു 20 സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത് രാഗത്തിൽ വീണകൾ വായിക്കുവാൻ നിയമിക്കപ്പെട്ടു. 21 മത്ഥിഥ്യവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിക്കുവാനും നിയമിക്കപ്പെട്ടിരുന്നു. 22 വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന് മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു. 23 ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു. 24 ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന് മുമ്പിൽ കാഹളം ഊതി; ഓബേദ്-ഏദോമും യെഹീയാവും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു. 25 ഇങ്ങനെ ദാവീദും യിസ്രായേൽ മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന് സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി. 26 യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യരെ ദൈവം സഹായിച്ചതുകൊണ്ടു അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 27 ദാവീദും പെട്ടകവാഹകന്മാരായ ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് പഞ്ഞിനൂൽ കൊണ്ടുള്ള എഫോദ് ധരിച്ചു. 28 അങ്ങനെ യിസ്രായേലൊക്കയും ആർപ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു. 29 എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു.
<- 1 ദിനവൃത്താന്തം 141 ദിനവൃത്താന്തം 16 ->