Link to home pageLanguagesLink to all Bible versions on this site
13
1 ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം 2 യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞത്: “നിങ്ങൾക്ക് സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്ക് ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക. 3 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ”. 4 ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നേ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു. 5 ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് കൊണ്ടുവരേണ്ടതിന് മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി. 6 കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു. 7 അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു. 8 ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു. 9 അവർ കീദോൻകളത്തിന്*കളം - ധാന്യം മെതിക്കുന്ന സ്ഥലം സമീപം എത്തിയപ്പോൾ കാള വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി. 10 അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി. 11 യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചതിനാൽ ദാവീദിന് വ്യസനമായി: അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേർവിളിച്ചു. 12 ഇതു ഇന്നുവരെയും അങ്ങനെ തന്നെ അറിയപ്പെടുന്നു. അന്ന് ദാവീദ്‌ ദൈവത്തെ ഭയപ്പെട്ടുപോയി. “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണം” എന്നു പറഞ്ഞു. 13 അതുകൊണ്ട് ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-ഏദോമിന്റെ വീട്ടിലേക്കു കൊണ്ടുപോയി. 14 ദൈവത്തിന്റെ പെട്ടകം ഓബേദ്-ഏദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.

<- 1 ദിനവൃത്താന്തം 121 ദിനവൃത്താന്തം 14 ->